കോവാക്‌സിനു അന്തർദേശീയ അംഗീകാരം ലഭിക്കുന്നതിനു എന്തൊക്കെ ചെയ്തുവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

  • 29/06/2021

ന്യൂഡൽഹി : വിദേശരാജ്യങ്ങളിൽ അംഗീകാരമില്ലാത്ത സാഹചര്യത്തിൽ കോവാക്‌സിനു അന്തർദേശീയ അംഗീകാരം ലഭിക്കുന്നതിനു എന്തൊക്കെ ചെയ്തുവെന്നു അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളാ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി ചാലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മറ്റുമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചതു സംബന്ധിച്ചു സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കുകയാണ്. 

എന്നാൽ കോവാക്‌സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഈ വാക്‌സിനെടുത്തവർ വിദേശ രാജ്യങ്ങളിലുള്ള വാക്‌സിൻ വീണ്ടും സ്വീകരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഹരജിക്കാരായ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വി.പി മുസ്തഫ, സെഹ്‌റാനി ഗ്രൂപ്പ്‌ സിഇഒ റഹീം പട്ടർക്കടവനു വേണ്ടി അഡ്വ. ഹാരിസ് ബീരാൻ കോടതിയിൽ അറിയിച്ചു.

കൊറോണ വാക്‌സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു നിവേദനം നൽകിയിട്ടും ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോവീഷീൽഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ വാക്‌സിന്റെ ശരിയായതും പൂർണവുമായ പേര് രേഖപ്പെടുത്തുന്നതിനു നിർദ്ദേശിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു. 

വാക്‌സിൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തണം, പ്രവാസികൾക്ക് രണ്ടാം ഘട്ട വാക്‌സിൻ വേഗത്തിൽ നൽകുന്നതിനു നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കണമെന്നു കോടതി കഴിഞ്ഞ ജൂൺ രണ്ടിനു കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. നടപ്പാക്കിയ കാര്യങ്ങൾ സംബന്ധിച്ചു വിശദാംശം ഹാജരാക്കണമെന്നു കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഹർജി ജൂലൈ ആറിനു വീണ്ടും പരിഗണിക്കും.

Related News