ഗുരുതര വീഴ്ച്ച; ആലപ്പുഴയില്‍ 65കാരന് രണ്ടാംഡോസ് വാക്‌സിന്‍ ഒരേ ദിവസം രണ്ടുതവണ കുത്തിവെച്ചു

  • 29/06/2021


ആലപ്പുഴ: കരുവാറ്റയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച. 65കാരന് രണ്ടാംഡോസ് വാക്‌സിന്‍ ഒരേ ദിവസം രണ്ടുതവണ കുത്തിവെച്ചതായാണ് പരാതി. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കരുവാറ്റ സ്വദേശി ഭാസ്‌കരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിക്കാണ് ഭാസ്‌കരനും ഭാര്യ പൊന്നമ്മയും രണ്ടാം ഡോസ് കോവിഷില്‍ഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ കരുവാറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. തിരക്ക് ഒഴിവാക്കാന്‍ മീറ്ററുകളുടെ മാത്രം വ്യത്യാസത്തില്‍ 2 വാക്‌സിന്‍ വിതരണ കൗണ്ടറുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ കൗണ്ടറില്‍ നിന്ന് ഭാസ്‌കരന്‍ വാക്‌സിന്‍ സ്വീകരിച്ചു. ശേഷം രണ്ടാം കൗണ്ടറില്‍ എത്തിയപ്പോള്‍ വീണ്ടും വാക്‌സിന്‍ കുത്തിവെക്കുകയായിരുന്നു. വിശ്രമശേഷം പുറത്തിറങ്ങി ഭാര്യയുമായി സംസാരിച്ചപ്പോഴാണ് രണ്ടുതവണ വാക്‌സിന്‍ കുത്തിവെച്ചെന്ന് മനസിലായത്.

രണ്ട് തവണ വാക്‌സീനെടുത്തതിന് പിന്നാലെ രക്തസമ്മര്‍ദ്ദം കൂടുകയും മൂത്രതടസം ഉണ്ടാവുകയും ചെയ്തതോടെ ഭാസ്‌കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് ആരോപണം. എന്നാല്‍ കുത്തിവെപ്പിന് ശേഷം ഭാസ്‌കരന്‍ വിശ്രമ മുറിയിലേക്ക് പോകുന്നതിന് പകരം രണ്ടാം കൗണ്ടറിലേക്ക് വന്നുവെന്നും കൃത്യമായി ആശയവിനിമയം നടന്നില്ലെന്നും ആണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കടക്കം കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Related News