കോവിഡില്ലാത്ത ഇടമലക്കുടിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി എംപിയുടെയും യുട്യൂബറുടെയും വിനോദ യാത്ര

  • 29/06/2021



മൂന്നാര്‍: കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇനിയും ഒരു കോവിഡ് രോഗിപോലുമില്ലാത്ത ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് മൂന്നാറിലെ ഇടമലക്കുടി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി കോവിഡിനെ അകറ്റി നിര്‍ത്തിയത്. അവിടേക്കാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച മാസ്‌ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യൂട്യൂബ് ചാനല്‍ ഉടമയായ സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ 'വിനോദയാത്ര' വിവാദമായത്. കോവിഡില്‍ നിന്ന് സുരക്ഷിതരായി കഴിഞ്ഞിരുന്ന ഇടമലക്കുടിയിലെ ജനതയെ കൂടി അപകടത്തിലാക്കുന്നതാണ് എം.പിയുടെയും യൂടൂബറുടെയും നടപടിയെന്നാണ് സാമൂഹിക ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ഇടമലക്കുടി ട്രൈബല്‍ ഗവ. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് എം.പി വിശദീകരിക്കുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്. യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

സംഭവം വിവാദമായതോടെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ എം.പിക്കെതിരെ രംഗത്ത് വന്നു.മാനദണ്ഡങ്ങള്‍ പാലിക്കാതെ എംപി. പുറത്തു നിന്നുള്ളവരെ അനാവശ്യമായി കുടിയില്‍ പ്രവേശിപ്പിച്ചത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എം.പിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. യുടൂബ് ചാനല്‍ ഉടമയായ, ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവര്‍ക്കെതിരെ എ.ഐ.വൈ.എഫ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ദേവികുളം മണ്ഡലം പ്രസിഡന്റായ എന്‍.വിമല്‍രാജാണ് മൂന്നാര്‍ ഡി.വൈ.എസ്.പിക്കും സബ്കലക്ടറിനും പരാതി നല്‍കിയത്.

അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.അതേ സമയം െ്രെടബല്‍ സ്‌കൂളിന്റെ നിര്‍മാണോത്ഘാടനത്തിനാണ് ഇടമലക്കുടിയില്‍ പോയതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. സ്‌കൂളിലേക്ക് ആവശ്യമുള്ള ടി.വി. നല്‍കിയത് സുഹൃത്തായ യൂ ട്യൂബ് ഉടമയാണ്. താന്‍ ക്ഷണിച്ച പ്രകാരമാണ് അയാള്‍ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള അരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് എം.പി വിശദീകരിക്കുന്നത്.

ഇടുക്കി എം.പി ഡീന്‍ കുരിയാക്കോസിനൊപ്പം ഇടമലക്കുടി െ്രെടബല്‍ വില്ലേജിലെ സ്‌കൂളിലേക്ക് സ്മാര്‍ട്ട് ക്ലാസിന്റെ ആവശ്യത്തിനായി ടി.വിയും അനുബന്ധ ഉപകരണങ്ങളും നല്‍കുകയും, സ്‌കൂള്‍ കെട്ടിടത്തിലെ ആര്‍ട്ട് വര്‍ക്ക് ചെയ്തതും, അതിനോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന ഒരു ചടങ്ങിലേക്ക് പങ്കെടുക്കുവാനും വേണ്ടിയാണ് ഞങ്ങള്‍ ഇവിടേക്ക് പോയതെന്ന വിശദീകരണത്തോടെയാണ് സുജിത് ഭക്തന്റെ ചാനല്‍ വിഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്.

എം.പിയുടെ മണ്ഡലത്തിന്റെ ഭാഗമായ ഇടമലക്കുടിയില്‍ സഞ്ചരിക്കാന്‍ അദ്ദേഹത്തിന് അനുമതിയുണ്ട്. പക്ഷെ അദ്ദേഹത്തിനൊപ്പം യൂടൂബ് വ്‌ളോഗറും മറ്റ് ആളുകളും എത്തിയതിനെ പറ്റി പരാതി ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോളോ മാനദണ്ഡമോ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും മൂന്നാര്‍ ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

Related News