ഗൾഫിൽ ജോലി വാഗ്ദാനം നൽകി ഒന്നരക്കോടി രൂപ തട്ടിയ ആലപ്പുഴ സ്വദേശി അറസ്റ്റിൽ

  • 29/06/2021

കോട്ടയം: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു വിവിധ ആളുകളിൽ നിന്നായി ഒന്നരക്കോടി തട്ടിയെടുത്ത കേസിലെ പ്രതി റോണി തോമസ് പോലീസ് പിടിയിൽ. ഈ വർഷം ജനുവരിയിലാണ് കോട്ടയം പെരുമ്പയിക്കാട് സ്വദേശി റോയിയുടെ മകന്റെ ഭാര്യ ലിറ്റിക്ക് ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയ സംഭവത്തിൽ തട്ടിപ്പിനിരയായവർ ഗാന്ധിനഗർ പൊലീസിന് പരാതി നൽകിയത്. അന്നുമുതൽ ഇയാളെ തിരക്കിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. ഇയാൾ സ്ഥിരമായി താമസിച്ചിരുന്ന ആലപ്പുഴ മാന്നാറിൽ പൊലീസ് പലതവണ എത്തി. 

പൊലീസ് എത്തും മുമ്പ് ഇയാൾ കടന്നുകളഞ്ഞു. പൊലീസ് ഈ വീട്ടിലെത്തിയപ്പോൾ ഒക്കെ ഇയാളുടെ അമ്മ പൊലീസിന് നേരെ പച്ചത്തെറി വിളിക്കുകയായിരുന്നു എന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളെ പിടികൂടാൻ ചെല്ലുമ്പോൾ എല്ലാം പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ നമ്പർ തപ്പിയെടുത്ത് രാത്രി ഒരു മണി സമയത്ത് ഇയാൾ വിളിച്ച്‌ തെറി വിളിക്കുമായിരുന്നു. കേട്ടാലറക്കുന്ന തെറി ആണ് വിളിച്ചിരുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്റർനെറ്റ് കോൾ വഴി വിളിച്ചിരുന്നതിനാൽ തന്നെ ഇയാൾ എവിടെ നിന്ന് എന്ന് കണ്ടെത്താൻ പൊലീസിന് ആയിരുന്നില്ല.

അന്നുമുതൽ ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇയാളെ അന്വേഷിച്ച്‌ കോഴിക്കോട് മുക്കത്ത് പൊലീസ് പലതവണ എത്തി. പക്ഷേ അടുത്ത കാലത്ത് മാത്രമാണ് ഇയാൾ അവിടെ താമസമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഇയാളെക്കുറിച്ച്‌ കൃത്യമായ വിവരം പൊലീസിന് കിട്ടിയില്ല. ഇതിനുമുൻപും ഇയാളെ പിടികൂടാൻ പൊലീസ് മുക്കത്ത് എത്തിയെങ്കിലും നീക്കങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ ഇയാളുടെ ഫോണിൽ നിന്നും ഒരു ഓട്ടോക്കാരനെ ഇയാൾ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഈ ഓട്ടോക്കാരൻ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് പിടി കൂടാനുള്ള പാതി ശ്രമം വിജയിച്ചത്. പിന്നെയും ഇയാളുടെ വീട് കണ്ടെത്താനായില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം പരാജയപ്പെട്ടു. തുടർന്ന് മൊബൈൽ നമ്പർ ഡംബിങ് എന്ന രീതിയിലൂടെ ആണ് ഇയാൾ താമസിച്ച വീട് കണ്ടെത്താനായത്.

പൊലീസ് ഇയാളെ പിടികൂടാൻ മുക്കത്തെ വീട്ടിലെത്തിയപ്പോൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ഭാര്യയാണ്. ഇയാളെ പിടികൂടുമെന്ന് കണ്ടപ്പോൾ വെട്ടുകത്തിയുമായി പൊലീസിനെ ആക്രമിക്കാൻ എത്തി. തുടർന്ന് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളുടെ ഭാര്യയെക്കുറിച്ച്‌ പിന്നീട് നടത്തിയ അന്വേഷണത്തിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് കിട്ടിയത്. ഗൾഫിൽ ഇയാളുടെ സുഹൃത്തായിരുന്ന ആളുടെ ഭാര്യയെ ഇയാൾ ഒപ്പം കൂട്ടുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവരെ തട്ടിയെടുത്തതോടെ ആണ് ഇയാൾ നാട്ടിലേക്ക് താമസം മാറ്റിയത്.

കോഴിക്കോട് താമസിച്ചിരുന്ന വീട്ടിൽ ആളനക്കമില്ലാത്ത നിലയിൽ വീട്ടുമുറ്റത്ത് കരിയിലകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാൾ ബോധപൂർവം ഉണ്ടാക്കിയതാണ് എന്നാണ് കണക്കുകൂട്ടൽ. ഇന്നലെ തിരിച്ചു പോരാൻ എത്തിയപ്പോൾ ഓട്ടോ ഡ്രൈവറെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് നിർണായകമായത്.

Related News