അനിൽകാന്ത് സംസ്ഥാന പോലീസ് മേധാവി

  • 30/06/2021



തിരുവനന്തപുരം: അനിൽകാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽകാന്തിനെ ഡിജിപിയാക്കാൻ തീരുമാനിച്ചത്.

ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു.

ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപി കസേരിയിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോർഡുള്ള അനിൽ കാന്തിനുണ്ട്.

ഡിജിപി സ്ഥാനത്തേക്ക് അനിൽ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാർ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ്സി സംസ്ഥാന സർക്കാരിന് നൽകിയിരുന്നത്. ഇതിൽ നിന്നാണിപ്പോൾ അനിൽ കാന്തിനെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തത്. വൈകീട്ട് പോലീസ് ആസ്ഥാനത്തെത്തുന്ന അനിൽ കാന്ത് സ്ഥാനം ഒഴിയുന്ന ലോക്നാഥ് ബെഹ്റയിൽ നിന്ന് ചുമതല ഏറ്റെടുക്കും.

ഏഴ് മാസത്തെ സർവീസാണ് അനിൽ കാന്തിന് അവശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാർക്ക് രണ്ട് വർഷം കാലാവധി നൽകണം. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ നിയമോപദേശങ്ങൾ തേടിയേക്കും

കേരളാ കേഡറിൽ എ.എസ്.പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്.പി ആയി പ്രവർത്തിച്ചു. തുടർന്ന് ഡൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പി ആയും പ്രവർത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്സൈസ് കമ്മീഷണർ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ് ആസ്ഥാനം, സൗത്ത്സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

Related News