സൂരജ് നല്‍കിയ പേര് വേണ്ട; ഉത്രയുടെ മകന്റെ പേര് മാറ്റി

  • 01/07/2021


കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മകന്റെ പേര് മാറ്റി. പിതാവും ബന്ധുക്കളും നല്‍കിയ ധ്രുവ് എന്ന പേരാണ് ഉത്രയുടെ മാതാപിതാക്കള്‍ മാറ്റിയത്. ആര്‍ജവ് എന്നാണ് പുതിയ പേര്. ഉത്രയുടെ പിതാവ് വിജയസേനനാണ് പേരുമാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്. ഈ ലോകത്ത് ജീവിക്കാന്‍ ആര്‍ജവം വേണം. അതിനാലാണ് പേരമകന് ആ പേര് തന്നെ നല്‍കിയതെന്ന് വിജയസേനന്‍ പറഞ്ഞു.

നേരത്തേ പിതാവ് സൂരജിന്റെ കുടുംബം ആര്‍ജവിനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഉത്രയുടെ സ്വത്തില്‍ അവകാശം ഉന്നയിക്കാനാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കി. തുടര്‍ന്ന് ബാലാവകാശ കമീഷന്‍ ഇടപെടുകയും ആര്‍ജവിനെ ഉത്രയുടെ കുടുംബത്തിന് കൈമാറുകയുമായിരുന്നു.മാതാവ് ഇല്ലാത്തതിന്റെ കുറവ് അറിയാക്കാതെയാണ് മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും ആര്‍ജവിനെ ഇപ്പോള്‍ നോക്കിവളര്‍ത്തുന്നത്.

വിഷപാമ്പിനെ വിട്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് ജയിലിലാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ഉത്ര ഉറങ്ങുമ്പോള്‍ വിഷപാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നു സൂരജ്.


Related News