വിസ്മയ കേസില്‍ കിരണിന് വേണ്ടി ഹാജരായത് അഡ്വ.ആളൂര്‍

  • 03/07/2021

കൊല്ലം : കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ മരിച്ച കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് എസ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്ത്രാംകോട്ട മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ബിഎ ആളൂരാണ് കിരണിനുവേണ്ടി ഹാജരായത്.

കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ആളൂര്‍ വാദിച്ചു. പൊലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പൊലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പൊലീസ് കാണിക്കുന്നത് അമിതാവേശമാണെന്ന് ആളൂര്‍ കോടതിയില്‍ വാദിച്ചു.

നിലവില്‍ കിരണിനെതിരെ ചുമത്തിയിരിക്കുന്ന 304 ബി. (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമല്ലെന്നും മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അസി.പബല്‍ക് പ്രോസിക്യൂട്ടര്‍ കാവ്യനായര്‍ കോടതിയെ അറിയിച്ചു.

കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗം മാറിയാല്‍ പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Related News