സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു; സില്‍ക് സ്മിതയെ മലയാളത്തിലേക്ക് കൊണ്ടുവന്ന സംവിധായകന്‍

  • 03/07/2021

സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. തൃശ്ശൂരില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. എഴുത്തുകാരനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഈസ്റ്റ്മാന്‍ എന്ന സ്റ്റുഡിയോയില്‍ നിന്നുമാണ് അദ്ദേഹം ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മലയാളത്തില്‍ ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'ഇണയെത്തേടി'യാണ് ആദ്യ ചിത്രം. സില്‍ക്ക് സ്മിത, സംഗീത സംവിധായകന്‍ ജോണ്‍സന്‍ തുടങ്ങിയവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ആന്റണി ഈസ്റ്റ്മാന്‍ ആണ്.

വയല്‍, അമ്പട ഞാനേ, വര്‍ണ്ണത്തേര്, ഐസ്‌ക്രീം, മൃദുല തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ഇതില്‍ 'അമ്പട ഞാനേ' ഹിറ്റ് ചിത്രമായിരുന്നു. 'ഈ തണലില്‍ ഇത്തിരി നേരം', 'തസ്‌കരവീരന്‍' തുടങ്ങിയ സിനിമകളും രചിച്ചു. പാര്‍വ്വതീപരിണയം എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ആന്റണി ഈസ്റ്റ്മാന് ആദരമര്‍പ്പിച്ച് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍ കുറിച്ച വാക്കുകള്‍. 'മലയാള ചലച്ചിത വേദിയിലെ നിശ്ചല ഛായാഗ്രാഹകനും നിര്‍മ്മാതാവും സംവിധായകനുമായ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്,സില്‍ക്ക് സ്മിതയെ മലയാള ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നതിന്റെ ബഹുമതി ആന്റണി ചേട്ടന് ഉള്ളതാണ്. ആദരാജ്ഞലികള്‍.'

Related News