രണ്ട് കോടിയിലധികം വോട്ടർമാരുടെ വിവരം ചോർത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; കേസെടുത്ത് ക്രൈം ബ്രാഞ്ച്

  • 03/07/2021

തിരുവനന്തപുരം: വോട്ടർപട്ടിക ചോർത്തിയെന്ന പരാതിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു.

രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങളാണ് ചോർന്നതെന്നാണ് പരാതി. കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിലെ വിവരങ്ങളാണ് ചോർന്നതെന്നാണ് കമ്മീഷന്റെ പരാതിയിൽ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക ചോർന്നതുമായി ബന്ധപ്പെട്ട പരാതി കഴിഞ്ഞ ദിവസമാണ് ഉന്നയിച്ചത്. ഈ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിലെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഇത് കണ്ടെത്തണമെന്നും പരാതിയിൽ ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് ഈ പരാതി തിരുവനന്തപുരം യൂണിറ്റിലേക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തും. എസ് പി ഷാനവാസിനാണ് അന്വേഷണ ചുമതല.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകളായി വോട്ടർ പട്ടികയുടെ നിരവധി കോപ്പികൾ ഹാജരാക്കിയിരുന്നു. പല ദിവസങ്ങളായി പല ജില്ലകളിലെയും വോട്ടർപ്പട്ടിക അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ കൊണ്ടുവരികയും ചെയ്തു. ഈ വോട്ടർപ്പട്ടിക ഉപയോഗിച്ചാണ് ഇരട്ടവോട്ട് വ്യാപകമായി നടക്കുന്നുണ്ടെന്ന് സാധുകരിച്ചത്. ഇതോടെ ഇരട്ടവോട്ടുകൾ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തുകയും ചെയ്തു. പക്ഷേ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് ലഭിച്ചതെന്ന ചോദ്യം അന്നേ ഉയർന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ ഒരു അന്വേഷണം നടത്തുകയും അന്വേഷണത്തിന്റെ ഭാഗമായി ചില ഉദ്യോഗസ്ഥർക്കെതിരെയും ചില ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിപുലമായ ഒരന്വേഷണം ഇക്കാര്യത്തിൽ വരേണ്ടതുണ്ട്. ഒരു ക്രിമിനൽ കുറ്റം എന്ന നിലയിൽ വോട്ടർപ്പട്ടിക ചോർന്നതിനെ സമീപിക്കേണ്ടതുണ്ടെന്ന നിലപാടിനെ തുടർന്നാണ് കമ്മീഷൻ കൂടുതൽ നടപടികളിലേക്ക് കടന്നത്.

Related News