തമാശയ്ക്ക് തുടങ്ങിയത് കാര്യമായി; കവര്‍ന്നത് മൂന്ന് ജീവനുകള്‍, തകര്‍ന്നത് മൂന്ന് കുടുംബവും

  • 04/07/2021

രേഷ്മയെ കബളിപ്പിക്കാന്‍ തമാശയ്ക്ക് തുടങ്ങിയ ചാറ്റിങ് കൈവിട്ട് പോയതാണ് കല്ലുവാതുക്കലിലെ മൂന്നു മരണങ്ങളില്‍ കലാശിച്ചത്. അനന്തുവെന്ന കാമുകന്‍ ആര്യയുടേയും ഗ്രീഷ്മയുടേയും സൃഷ്ടിയായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. പക്വമല്ലാത്ത ഫെയ്‌സ്ബുക്ക് സൗഹൃദങ്ങളുടെയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടേയും തെളിവ് കൂടിയാവുകയാണ് ഈ കേസ്.

ജനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പിഞ്ച്കുഞ്ഞ് മരണത്തിലേക്ക് നീങ്ങിയത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഫെയ്‌സ്ബുക്കിലെ ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ രേഷ്മയെന്ന അമ്മയെ കുഞ്ഞിനോട് ക്രൂരത കാട്ടാന്‍ പ്രേരിപ്പിച്ചു. സനാഥയായ കുഞ്ഞ് അനാഥനായി. തണുത്ത് വിറങ്ങലിച്ച് കരിയിലക്കൂട്ടത്തില്‍ കിടന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി.

ബന്ധുവായ ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കുകയാണെന്ന് രേഷ്മ അറിഞ്ഞിരുന്നില്ല. അനന്തുവെന്ന പേരിലുള്ള സുഹൃത്ത് മാത്രമായിരുന്നു മനസില്‍. അയാള്‍ നല്‍കിയ സ്‌നേഹം ഭര്‍ത്താവിന്റെ സ്‌നേഹത്തെക്കാള്‍ വലുതാണെന്ന് രേഷ്മ ധരിച്ചു. വര്‍ക്കലയിലും കല്ലുവാതുക്കലിലും ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ രേഷ്മ പോയപ്പോഴെങ്കിലും ആ തമാശ അവസാനിപ്പിക്കാമായിരുന്നു.

പക്ഷേ, രേഷ്മ അറസ്റ്റിലാകുന്നതിന്റെ തലേദിവസം വരെ ചാറ്റിങ് തുടര്‍ന്നുവെന്നാണ് സൂചന. എല്ലാം വ്യക്തമായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയി. കുറ്റബോധം താങ്ങാനാകാതെ, അല്ലെങ്കില്‍ കേസില്‍ പ്രതിയാകുമെന്ന് ഭയന്ന് ആര്യയും ഗ്രീഷ്മയും ഇത്തിക്കരയാറിന്റെ ആഴങ്ങളില്‍ മറഞ്ഞു.

Related News