ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു; മരംമുറി ഉത്തരവിൽ ന്യായീകരണവുമായി മുൻ റവന്യൂ മന്ത്രി

  • 04/07/2021

കാസർകോട്: മരംമുറി ഉത്തരവ് വിവാദമായതോടെ ന്യായീകരണവുമായി മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനാണ് ഉത്തരവ് നൽകിയതെന്നാണ് മുൻമന്ത്രിയുടെ ന്യായീകരണം. എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി ഉത്തരവ് ഇറക്കിയത്. ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു. സർക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. രാജകീയ മരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് ഇ ചന്ദ്രശേഖരൻ്റെ വാദം. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മർദ്ദത്തിൻ്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥർ തടസമുണ്ടാക്കരുതെന്ന നിർദ്ദേശമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വിവാദ മരം മുറി ഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇ ചന്ദ്രശേഖരൻ്റെ വിശദീകരണം. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു. നിർദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കി. 

അതേസമയം മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാൻ വനംവകുപ്പ് പാസ് നൽകിയെന്ന് കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് കണ്ടെത്തൽ. ഉത്തരവ് റദ്ദാക്കിയിട്ടും അനുമതി നൽകിയത്  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്ത് കളിയുടെ വ്യക്തമായ തെളിവാണ്.

മുട്ടിലേത് അടക്കമുള്ള മരം മുറിയിൽ  സർക്കാർ ഉയർത്തിയ പ്രധാന പ്രതിരോധം റവന്യു പ്രിൻസിപ്പിൽ സെക്രട്ടറി മരം മുറിക്കാൻ നൽകിയ ഉത്തരവ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തു എന്നായിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ ഉത്തരവ് വിമർശനങ്ങളെ തുടർന്ന് ഫെബ്രുവരി രണ്ടിന് റദ്ദാക്കിയിട്ടും മരംമുറി നടന്നു.

Related News