കുഞ്ഞുമുഹമ്മദിനായി കേരളത്തിന്റെ കരുതൽ; ആറു ദിവസംകൊണ്ട് അക്കൗണ്ടിലെത്തിയത് 18 കോടി രൂപ; നന്ദിയറിയിച്ച് പിതാവ്

  • 05/07/2021


കണ്ണൂരിൽ അപൂർവ്വ രോഗം ബാധിച്ച അഫ്രക്കും സഹോദരൻ മുഹമ്മദിനും ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ നൽകി സഹായിച്ചവർക്ക് നന്ദി അറിയിച്ച്‌ പിതാവ് റഫീക്ക്. ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് 18 കോടി രൂപ തുക ലഭിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ലെന്നും സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്ന് റഫീക്ക് മാധ്യമങ്ങളോട് പറഞ്ഞു.

റഫീക്ക് പറഞ്ഞത്: "ആറു ദിവസം കൊണ്ടാണ് ഈ തുക കിട്ടിയത്. എല്ലാവരോടും നന്ദിയുണ്ട്. കേരളത്തിലുള്ളവരോടും പുറത്തുള്ളവരോടും കടപ്പാടുണ്ട്. ഹൃദയം തൊട്ട് നിങ്ങളോട് ഞാൻ പറയുന്നു, നിങ്ങളെ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റില്ല. അത്രയും വലിയ സഹായമാണ് നിങ്ങൾ നൽകിയത്. ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും തുക ലഭിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. എല്ലാവർക്കും നന്ദി. എത്രയും വേഗം നൽകണം. അതിന് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണം. വിഷയം ചർച്ചയാക്കിയ മാധ്യമങ്ങളോടും നന്ദി."

മലയാളികൾ ഒന്നാകെ കൈകോർത്തതിന്റെ ഭാഗമായാണ് 18 കോടിയുടെ സഹായം റഫീക്കിന്റെ കുടുംബത്തെ തേടി എത്തിയത്. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഒന്നരവയസുകാരൻ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കിൽ ഈ വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കിൽ 18 കോടി രൂപ ചെലവ് വരും. ഇതാണ് ഇപ്പോൾ സുമനസ്സുകളുടെ സഹായത്തോടെ ഫലം കണ്ടിരിക്കുന്നത്. റഫീഖിന്റെ മൂത്ത മകൾ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീൽചെയറിൽ കഴിയുന്ന അഫ്ര മുഹമ്മദിന്റെ സ്ഥിതിയിലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ട് വയസിന് മുൻപ് മുഹമ്മദിന് സോൾജെൻസ്മാ എന്ന മരുന്ന് ഒരു ഡോസ് നൽകിയാൽ രോഗം ഭേദമാകുമെന്ന് വിദഗ്ധർ പറയുന്നു.

Related News