14 ഡിസിസി പ്രസിഡന്റുമാരെയും മാറ്റി സമഗ്രമായ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്‌

  • 06/07/2021

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന മാനദണ്ഡങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കും. അംഗബലം അന്‍പത്തിയൊന്നിന് മുകളില്‍ വേണമെന്ന ഗ്രൂപ്പ് താല്‍പര്യം പരിഗണിച്ചേക്കില്ല. ഡിസിസി പുനഃസംഘടന ആദ്യം നടത്താനാണ് തീരുമാനം. ദില്ലിയിലെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് രാഹുല്‍ഗാന്ധിയെ കണ്ടേക്കും.

പതിനാല് ഡിസിസി പ്രസിഡന്‍റുമാരെയും മാറ്റി സമഗ്രമായ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇരട്ട പദവി പുനഃസംഘടനയില്‍ പ്രശ്നമല്ലെങ്കിലും ഡിസിസി അധ്യക്ഷ സ്ഥാനത്ത് മുഴുവന്‍ സമയവും ഭാരവാഹി വേണ്ടതിനാല്‍ എംഎല്‍എമാരെയും എംപിമാരെയും പരിഗണിക്കില്ല. കെപിസിസി മാതൃകയിൽ അന്‍പത്തിയൊന്നംഗ കമ്മിറ്റിയാകും നിലവില്‍ വരിക.

30 കുടുംബങ്ങള്‍ ചേര്‍ത്ത് രൂപീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന അയല്‍ക്കൂട്ട കമ്മിറ്റികള്‍ ഡിസിസിയുടെ കീഴില്‍ വരും. ഡിസിസിക്ക് പിന്നാലെയാകും കെപിസിസി പുനഃസംഘടന. രാഷ്ട്രീയ കാര്യസമിതിയെടുത്ത തീരുമാനങ്ങള്‍ രാഹുല്‍ഗാന്ധിക്ക് കെ സുധാകരന്‍ കൈമാറും. ഹൈക്കമാന്‍ഡ് അംഗീകാരം കിട്ടിയാല്‍ ഡിസിസിക്ക് പിന്നാലെ  പുനഃസംഘടന നടപടികളിലേക്ക് കടക്കും. പ്രവര്‍ത്തന മികവിന് മുന്‍പില്‍ പ്രായം ഘടകമാക്കേണ്ടെന്നാണ് തീരുമാനം. 

ഡിസിസി, കെപിസിസി പുനഃസംഘടനകളില്‍ മുന്‍പ് നടത്തിയ പരീക്ഷണം ഫലം കാണാത്തതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് കടുംപിടുത്തത്തിന് നിന്നേക്കില്ല. കളങ്കിത വ്യക്തിത്വങ്ങളെ പരിഗണിക്കില്ല. അന്‍പത്തിയൊന്നംഗ കമ്മിറ്റി വിപുലീകരിക്കണമെന്ന ആവശ്യം എ, ഐ ഗ്രൂപ്പുകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അംഗീകരിക്കില്ല. അതേസമയം
നിലവിലെ പാര്‍ട്ടി ഘടനയില്‍ അയല്‍ക്കൂട്ട കമ്മിറ്റികള്‍ ഇല്ലാത്തതിനാല്‍ ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം നേടേണ്ടി വരും. 

പാര്‍ട്ടി സ്കൂളുകള്‍ തുടങ്ങാനുള്ള തീരുമാനത്തിനും അംഗീകാരം വേണം. എ കെ ആന്‍റണി, കെ സി വേണുഗോപാല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കെ സുധാകരന്‍ രാഹുല്‍ഗാന്ധിയെ കാണും

Related News