ഐ എസ് ആർ ഒ ചാരക്കേസ് ; 'മറിയം റഷീദയുടെ അറസ്റ്റിനു പിന്നിൽ ആർ.ബി. ശ്രീകുമാർ' ; സിബി മാത്യൂസ് ജാമ്യാപേക്ഷ സമർപ്പിച്ചു

  • 06/07/2021


തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരാണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും ഐ.എസ്.ആർ.ഒ. ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നുവെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയയിൽ പറയുന്നതായി പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു.

ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ്. വിജയൻ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ രാജീവന്റെ റിപ്പോർട്ടിലുമുണ്ട്. മാലി വനിതകളെ ചോദ്യം ചെയ്യുമ്ബോഴാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. തുടർന്ന് നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച്‌ ഒരു സ്‌പൈ നെറ്റ് വർക്ക് പ്രവർത്തിച്ചിരുന്നു എന്ന് ഫൗസിയ ഹസന്റെ മൊഴിയിൽ നിന്ന് വ്യക്തമായിരുന്നു. അതിന്റെ ഭാഗമായാണ് നമ്പി നാരായണനും ഇതിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മറിയം റഷീദക്കും ഫൗസിയ ഹസനും ഒപ്പം ബെംഗളൂരു ആർമി ക്ലബിലേക്ക് പോയ കെ.എൽ.ഭാസിയേക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസനെ കാണിച്ച്‌ അവർ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ, ഇയാളുടെ പേര് സി.ബി.ഐ എവിടെയും ഉപയോഗിച്ചില്ല. പകരം രമൺ ശ്രീവാസ്തവയിലേക്കാണ് എല്ലാ ശ്രദ്ധയും പോയത്. ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സിബി മാത്യൂസ് നാലാം പ്രതിയാണ്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

Related News