കിറ്റക്‌സിന് നൽകിയ നോട്ടീസ് തൊഴിൽ വകുപ്പ് പിൻവലിച്ചു; നടപടി സർക്കാരിന് തിരിച്ച്‌ വക്കീൽ നോട്ടീസ് നൽകിയതിനെ തുടർന്ന്

  • 07/07/2021

തിരുവനന്തപുരം: സംസ്ഥാന തൊഴിൽ വകുപ്പ് കിറ്റക്‌സിന് നൽകിയ നോട്ടീസ് പിൻവലിച്ചു. 2019ലെ വേജ്‌ബോർഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്. ഇതിനെതിരെ കിറ്റക്‌സ് വക്കീൽ നോട്ടീസ് നൽകിയതിനെ തുടർന്നാണ് തൊഴിൽ വകുപ്പ് നടപടികളിൽ നിന്നും പിന്മാറിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കിറ്റെക്‌സിനോട് രാഷ്ട്രീയമായി പകപോക്കുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചിരുന്നു. ഒരു മാസത്തിനിടെ കിറ്റക്‌സ് ഗ്രൂപ്പിൽ വിവിധ സർക്കാർ വകുപ്പുകൾ 11ഓളം പരിശോധനകളാണ് നടത്തിയത്.
 
തുടർന്ന് കമ്പനി സർക്കാരുമായി ഒപ്പുവെച്ച 3500 കോടിയുടെ കരാറിൽ നിന്ന് പിന്മാറുന്നതായും സാബു ജേക്കബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. വ്യവസായ സ്ഥാനത്തെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഈ നടപടി വിവാദമാവുകയും ചെയ്തിരുന്നു.അതേസമയം വ്യവസായം തുടങ്ങാൻ തെലങ്കാന സർക്കാർ കിറ്റക്‌സിന് ഔദ്യോഗികമായി ക്ഷണിച്ചു.
 
തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ.ടി രാമറാവു ഇ- മെയിലിലൂടെയാണ് ഔദ്യോഗിക ക്ഷണക്കത്ത് നൽകിയത്. ടെക്‌സ്റ്റൈൽസ് ആൻഡ് അപ്പാരൽ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ചർച്ചകൾക്കായി കിറ്റെക്സ് എം.ഡി സാബു ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിക്കുന്നതായും മന്ത്രി കെ.ടി. രാമറാവു അറിയിച്ചു.

Related News