ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക്; ഉത്തരവാദികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

  • 07/07/2021



കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കിന് കാരണക്കാരായവര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ സാമൂഹിക അകല ചട്ട ലംഘനം നടന്നതായി നിരീക്ഷിച്ച കോടതി ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.

കോവിഡ് പശ്ചാത്തലില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അയച്ച കത്തില്‍ 'സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബഞ്ചിന്റെ നടപടി.

ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ നീണ്ട നിരയുടെ ചിത്രങ്ങള്‍ പരിശോധിച്ച കോടതി വിഷയം ഗുരുതരമാണെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും അഭിപ്രായപ്പെട്ടു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് മൂന്നാം തരംഗത്തിന് കാരണമാവുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ കേസിലാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം.


തൃശൂര്‍ കുറുപ്പം റോഡില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കടയുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതുവരെ നടപടിയില്ലെന്ന് കാണിച്ച് വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ എക്‌സൈസ് കമ്മീഷണറും ബെവ്‌കോ എംഡിയും അടക്കമുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നാളെ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു.

Related News