അണക്കെട്ടില്ലാതെ ജലവൈദ്യുത പദ്ധതിയുമായി കെഎസ്ഇബി; കനാലുകളില്‍ നിന്ന് വൈദ്യുതി

  • 08/07/2021

തിരുവനന്തപുരം: വൈദ്യുത ഉല്പാദന രംഗത്ത് നൂതന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍. ജലസേചനത്തിനായി നിര്‍മ്മിച്ച കനാലുകളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. വെള്ളം ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്താതെ ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കും. നിലവിലുള്ള ജലവൈദ്യുത പദ്ധതികളിലെ പവര്‍ഹൗസുകള്‍ നിന്നും വൈദ്യുത ഉല്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളവും ഈ സാധ്യതക്കായി പ്രയോജനപ്പെടുത്തും. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാപിക്കാന്‍ കഴിയുന്ന ഇത്തരം പദ്ധതിക്ക് പാരിസ്ഥിതിക ആഘാതം ഒട്ടും തന്നെ ഇല്ല എന്നതാണ് പ്രത്യേകത.

ഡാമില്ലാതെ ജലവൈദ്യുതി 

ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ആശയം കേരളത്തില്‍ ഇത് ആദ്യമാണ്. 10,000 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ജലസേചന കനാലുകള്‍ കേരളത്തില്‍ ഉണ്ട്. ഈ കനാലുകളുടെ വിവിധ ഇടങ്ങളില്‍ ഇത്തരം ടര്‍ബൈനുകള്‍ കറക്കിയാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാം. ജലസേചന കനാലുകള്‍ക്കു പുറമേ പവര്‍ഹൗസുകള്‍ നിന്നും പെന്‍സ്‌റ്റോക്ക് വഴി പുറത്തേക്ക് കളയുന്ന വെള്ളത്തിലും ഇത് സ്ഥാപിക്കാം. വെള്ളം തടഞ്ഞു നിര്‍ത്തേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ ഡാമുകളുടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ല. ജലം ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്താത്ത തരത്തിലാവും സ്ഥാപിക്കുക.

150 മെഗാവാട്ട് ഉല്‍പ്പാദനം 

ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെ 150 മെഗാവാട്ട് അധികം ഉല്പാദനം സാധ്യമാണ് എന്നാണ് പ്രതീക്ഷ. ഉപഭോഗ വൈദ്യുതിയുടെ ബഹുഭൂരിപക്ഷതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത്തരം ആശയങ്ങള്‍ വലിയ നേട്ടമാണ്. ആതിരപ്പള്ളി പോലെ വന്‍കിട പദ്ധതികള്‍ തര്‍ക്കത്തില്‍ കുടുങ്ങുമ്‌ബോള്‍ ഒട്ടുമേ തന്നെ പാരിസ്ഥിതിക ആഘാതം ഇല്ലാത്ത ഇത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്.

വെള്ളം ലഭ്യതയില്‍ ആശങ്ക 

നൂതന ആശയം ആണെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഘടകമുണ്ട്, ജലത്തിന്റെ ലഭ്യത. കനാലുകളിലൂടെ എല്ലാ സമയത്തും വെള്ളമൊഴുക്ക് ഉണ്ടാവാറില്ല. ഇത്തരം സമയങ്ങളില്‍ ഉല്‍പാദനം നടക്കില്ല. കനാലുകളില്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് സമീപം വൈദ്യുതി പ്രസരണ ഗ്രിഡ് ലൈനുകള്‍ ഉണ്ടായിരിക്കണം എന്നതാണ് അടുത്ത വെല്ലുവിളി.

താല്‍പര്യപത്രം ക്ഷണിച്ചു 

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രത്യേക താല്‍പര്യം എടുത്താണ് പുതിയ ആശയം ചര്‍ച്ചയാകുന്നത്. മുന്‍ ജലസേചന വകുപ്പ് മന്ത്രി ആണെന്നതും അതും ഇത്തരമൊരു ആശയം ആദ്യം മുന്നോട്ടുവയ്ക്കുന്നത്തിന് കാരണമായി. കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനില്‍ സമാനമായ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഈ പരിചയം കേരളത്തില്‍ മുതല്‍ക്കൂട്ടാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത് . ഇതിനായി നിക്ഷേപകരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയും പുതിയ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ആകും എന്നാണ് പ്രതീക്ഷ. ജലലഭ്യത ഉള്ള ഇടങ്ങളില്‍ 30മീറ്റര്‍ അകലത്തില്‍ ഇത്തരം ടര്‍ബൈനുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉണ്ടാക്കാം.

മലമ്പുഴയില്‍ ആദ്യം 

പുതിയ പദ്ധതിയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഇത് നടപ്പിലാക്കി കാണിക്കണം. മലമ്പുഴയിലെ ജലസേചന കനാലില്‍ ആണ് പദ്ധതി ആദ്യം ഒരുങ്ങുന്നത്. സംസ്ഥാനത്തെ സാധ്യതയുള്ള മറ്റിടങ്ങളില്‍ എല്ലാം പദ്ധതി പരീക്ഷിക്കാം. ഇതിന്റെ ഭാഗമായി ജലസേചന മന്ത്രി റോഷി അഗസ്റ്റിനും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി യുമായി പലവട്ടം ചര്‍ച്ച നടത്തി.

Related News