നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെ, അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്ന് സംശയം: സിബിഐ സത്യവാങ്മൂലം

  • 08/07/2021

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെയാണ് നടത്തിയതെന്ന് സി.ബി.ഐയുടെ സത്യവാങ്മൂലം. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗൂഡാലോചനയുടെ മുഖ്യകണ്ണികള്‍ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തുന്നു. പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഗൂഡാലോചന നടന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതികള്‍ പോലീസില്‍ ഉന്നത സ്ഥാനത്തിരുന്നവരാണ്. അതുകൊണ്ടു ഇവര്‍ക്ക് ജാമ്യം നല്‍കരുത്. അവര്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉള്‍പ്പടെ 18 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാലാം പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന സിബി മാത്യൂസ് ജാമ്യാപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇന്ന് വരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവും ലഭിച്ചിരുന്നു.

ഇതിനെതിരെയാണ് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലും കെ.കെ. ജോഷ്വ അഞ്ചും ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ ഏഴും പ്രതികളാണ്. സിറ്റി പൊലീസ് കമീഷണറായിരുന്ന വി. ആര്‍ രാജീവന്‍, എസ്.ഐ ആയിരുന്ന തമ്ബി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഡാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Related News