കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലുങ്കാനയിലേക്ക്

  • 08/07/2021



കൊച്ചി: കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ കിറ്റെക്സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്. തെലുങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നത്. അതേസമയം കേരളം വ്യവസായ സൗഹൃദമല്ലെന്ന് നേരത്തെ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും രണ്ട് ദിവസം കൊണ്ട് കേരളത്തിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സാബു ജേക്കബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

എന്റെ വ്യവസായത്തപ്പറ്റിയെല്ലാം നേരത്തെ തെലങ്കാന വ്യവസായ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അവർ താത്പര്യമറിയിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണ പ്രകാരമാണ് ഹൈദരാബാദിലേക്ക് പോകുന്നത്. ഇതിനായി തെലുങ്കാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി വെള്ളിയാഴ്ച കൊച്ചിയിലെത്തും. കൂടുതൽ വിശദമായി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ സംഘം ഹൈദരാബാദിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും.

നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലുങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടിക്കാഴ്ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്സിനെ തെലുങ്കാന സർക്കാർ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇതുവരെ 9 സംസ്ഥാനങ്ങൾ നിക്ഷേപം നടത്താൻ നിരവധി വാഗ്ദാനങ്ങൾ നൽകി കിറ്റെക്സിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News