കേരളത്തില്‍ നിന്ന് സ്വയം പോകുന്നതല്ല, ചവിട്ടിപ്പുറത്താക്കിയതാണ്, മൃഗത്തെപോലെ വേട്ടയാടി: സാബു എം ജേക്കബ്

  • 09/07/2021



കൊച്ചി: താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, തന്നെ കേരളത്തില്‍ നിന്ന് ചവിട്ടിപുറത്താക്കുകയാണെന്നും കിറ്റെക്‌സ് ഗ്രൂപ്പ് എം ഡി സാബു എം ജേക്കബ്. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലേക്ക് പോകും മുമ്ബ് കൊച്ചി വിമാനത്താവളത്തില്‍ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓര്‍ത്ത് വേദനയുണ്ട്. ഇങ്ങനെ പോയാല്‍ പുതിയ തലമുറയെ ഓര്‍ത്ത് നമ്മള്‍ ദു:ഖിക്കേണ്ടി വരും. ഇത് തന്റെ പ്രതിഷേധമല്ല, ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവര്‍ സ്വകാര്യ ജെറ്റയച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാന്‍ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി.

3,500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ചുവെന്ന് താന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ പോലും വിളിച്ചില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ യോഗം വിളിച്ചുവെന്ന് പറഞ്ഞു. യോഗശേഷം പുറത്തുവന്ന വ്യവസായമന്ത്രി ഉദ്യോഗസ്ഥര്‍ ചെയ്തതെല്ലാം ശരിയാണെന്ന് പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. ആരോട് പരാതി പറയാനാണെന്ന് ചോദിച്ച സാബു ജേക്കബ് എത്രയോ ദിവസമായി വേദനയോടെ ഇതെല്ലാം സഹിക്കുകയാണെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇനി ചര്‍ച്ചകളല്ല വേണ്ടതെന്നും റിസല്‍റ്റാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു ജേക്കബ് നേരത്തെ ടെലിഫോണില്‍ സംസാരിച്ചിരുന്നു.

Related News