സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ്; ഭൂരിപക്ഷവും ആരോഗ്യപ്രവര്‍ത്തകര്‍

  • 09/07/2021

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. 14 പേരും തിരുവനന്തപുരം നഗരസഭാ പരിധിയിലെ താമസക്കാരാണ്. ഇവരില്‍ ഭൂരിപക്ഷവും ആരോഗ്യപ്രവര്‍ത്തകരാണ്. സിക്ക വൈറസ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വിളിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ഉടന്‍ ചേരും.

രോഗം സ്ഥിരീകരിച്ച ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ ഗര്‍ഭിണിയിലാണ് സിക്ക വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തുന്നത്. പാറശാല സ്വദേശിനിയായ 24കാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

കോയമ്ബത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക പോസിറ്റീവ് ഫലം കിട്ടിയത്. യുവതി ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 19 പേരുടെ സാമ്പിളുകളാണ് പൂന്നെയില്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചത്.

ഇതില്‍ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി കഴിഞ്ഞദിവസം പ്രസവിച്ചിരുന്നു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസാണ് സിക്ക. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, പേശീവേദന, സന്ധിവേദന, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.

Related News