റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നാഴ്ച്ച മാത്രം; പ്രതീക്ഷയറ്റ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍

  • 10/07/2021



തിരുവനന്തപുരം: റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ 21 ദിവസം മാത്രം ബാക്കി നില്‍ക്കെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് പട്ടികയില്‍ നിന്ന് ഈ വര്‍ഷം നടന്നത് 6673 നിയമനങ്ങള്‍ മാത്രം. ലിസ്റ്റില്‍ ആകെയുള്ളത് 46,285 പേരാണ്. മൂന്ന് ആഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ പ്രതീക്ഷയറ്റ് വ്യര്‍ത്ഥമായ കാത്തിരിപ്പ് തുടരുന്നത് 39,612 ഉദ്യോഗാര്‍ത്ഥികളാണ്. മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള റാങ്ക് പട്ടികയില്‍ മുന്‍വര്‍ഷങ്ങളില്‍ പതിനായിരത്തിന് മുകളില്‍ നിയമന ഉത്തരവുകള്‍ ലഭിച്ചിരുന്നു.

കൊവിഡും രണ്ടാംഘട്ട ലോക് ഡൗണ്‍ നിയന്ത്രണങ്ങളും കൂടിയായതോടെ നിയമനത്തിന് പതിവിലും വേഗം കുറ!ഞ്ഞു. എന്നാല്‍, തസ്തികയില്‍ ഒഴിവുകള്‍ അധികമില്ലെന്ന നയമാണ് സര്‍ക്കാരിന്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടിയപ്പോള്‍ ലാസ്റ്റ് ഗ്രേഡിന്റെ റാങ്ക് ലിസ്റ്റിന് 34 ദിവസം മാത്രമാണ് നീട്ടിക്കിട്ടിയത്. 2018 ജൂണ്‍ 30 മുതല്‍ 2021ജൂണ്‍ 29 വരെയായിരുന്നു റാങ്ക് ലിസ്റ്റിന്റെ കാലാവധി. അതില്‍ തിരഞ്ഞെടുപ്പും കൊവിഡ്,? ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും കാരണം ഏപ്രില്‍ മുതല്‍ ജൂണ്‍ പകുതി വരെയുള്ള സമയത്ത് പ്രൊമോഷന്‍ നടപടികളോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. ലിസ്റ്റ് നിലവില്‍ വന്നശേഷം തുടച്ചയായുണ്ടായ പ്രളയവും തദ്ദേശ  പാര്‍ലമെന്റ്  നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് തടസമായി. ലിസ്റ്റിന്റെ കാലാവധി തീരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കുറഞ്ഞദിവസംകൊണ്ട് എത്രപേര്‍ക്ക് ഉത്തരവ് ലഭിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

2015ന് ശേഷം സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നടന്നിട്ടില്ല. ഈ ഒഴിവുകള്‍ എന്തായി എന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനദ്ധ്യാപക തസ്തികകളില്‍ രണ്ട് മാസത്തിനകം നിയമനം നടത്തണമെന്ന് 2020 ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലും ഡിവിഷന്‍ ബെഞ്ചിലും അപ്പീല്‍ പോയെങ്കിലും തള്ളി.

ഈ തസ്തികകളിലായി ആയിരത്തിലധികം നിയമനങ്ങളാണ് നടക്കേണ്ടതായിരുന്നു. നിയമനം പരിഗണനയിലുണ്ടെന്നും നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നുമാണ് സര്‍ക്കാര്‍വാദം.

വിവിധ വകുപ്പുകളില്‍ നൈറ്റ് വാച്ച്മാന്‍മാരുടെ ഒഴിവുകള്‍ നികത്താനുള്ള ശ്രമങ്ങളും നടക്കുന്നില്ല. നൈറ്റ് വാച്ച് മാന്‍മാരുടെ ഡ്യൂട്ടി പതിനാറില്‍ നിന്ന് എട്ട് മണിക്കൂറായി കുറച്ച് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായെങ്കിലും അതും നടപ്പാക്കിയിട്ടില്ല. ക്രിമിനല്‍ കോടതികളിലെ പ്രൊമോഷനുകള്‍ സിവില്‍ കോടതികളിലേതുപോലെ ഏകീകരിച്ചുള്ള ഹൈക്കോടതി ഉത്തരവും ഇപ്പോഴും ഫയലിലുറങ്ങുകയാണ്. ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വളരെ കുറഞ്ഞ ഒഴിവുകളുള്ള ജില്ലയാണ് പത്തനംതിട്ട. ഇവിടെ കോന്നി മെഡിക്കല്‍ കോളേജ്, ലീഗല്‍ മെട്രോളജി, പോക്‌സോ കോടതി എന്നിവിടങ്ങളിലെ തസ്തികകള്‍ ഇപ്പോഴും അനുവദിച്ച് ഉത്തരവായിട്ടില്ല. ആരോഗ്യം, റവന്യൂ, ലീഗല്‍ മെട്രോളജി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളിലൊന്നും പ്രൊമോഷനുകള്‍ മാസങ്ങളായി നടക്കുന്നില്ല. പ്രൊമോഷനും ഡീകേഡര്‍ നിയമനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളും പാലിക്കപ്പെടാത്തതാണ് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതുവരെയുള്ള ഒഴിവുകള്‍ സ്പാര്‍ക്ക് സംവിധാനം വഴി കണ്ടെത്തി പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ഫെബ്രുവരി 28ന് അന്നത്തെ മന്ത്രി

എ.കെ. ബാലനുമായി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തെങ്കിലും പ്രയോജനമുണ്ടായില്ല. തസ്തികയില്‍ അര്‍ഹതയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതോടെ ഒഴിവുകളിലേക്ക് പരിഗണിക്കാമെന്നുപറഞ്ഞതും ഇതുവരെ നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും കൊവിഡ്, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നഷ്ടപ്പെട്ട മൂന്ന് മാസസമയം കൂടി തങ്ങള്‍ക്ക് നീട്ടി നല്‍കാനും സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.


Related News