അഞ്ച് മാസം ജയിലില്‍ തികയ്ക്കുന്നതിനെ മുന്‍പെ അഭയക്കേസ് പ്രതികള്‍ക്ക് പരോള്‍; വിശദീകരണം തേടി ഹൈക്കോടതി

  • 12/07/2021


കൊച്ചി: അഭയക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പരോള്‍ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി നടപടി. സര്‍ക്കാരിന് പുറമെ ജയില്‍ ഡിജിപിക്കും പ്രതികള്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസില്‍ സിബിഐ കോടതി ശിക്ഷ വിധിച്ച് അഞ്ച് മാസം തികയും മുന്‍പാണ് ഇരുവര്‍ക്കും പരോള്‍ ലഭിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് ജോമന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്നായിരുന്നു ജയില്‍ ഡിജിപിയുടെ വിശദീകരണം. കുറ്റവാളികളുടെ അതേ പ്രായത്തിലുള്ള എല്ലാവരെയും പരോളില്‍ വിട്ടയച്ചതായും വാദം കേള്‍ക്കുമ്‌ബോള്‍ സംസ്ഥാനം ചൂണ്ടിക്കാട്ടി. മെയ് 11നാണ് ഇതിന്റെ അടിസ്ഥാനത്തില്‍ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പരോള്‍ അനുവദിച്ചത്.

എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുളളതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടികാണിക്കുന്നു. അഭയ കേസിലെ പ്രതികള്‍ക്ക് ഹൈപവര്‍ കമ്മിറ്റി പരോള്‍ അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാനും ഹൈപവര്‍ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

Related News