മറ്റന്നാൾ മുതൽ എല്ലാ കടകളും എല്ലാ ദിവസവും സ്വന്തം നിലയ്ക്ക് തുറക്കാൻ വ്യാപാരികൾ

  • 13/07/2021

തിരുവനന്തപുരം: എല്ലാകടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ മറ്റന്നാൾ മുതൽ സ്വന്തം നിലയ്ക്ക് കടകൾ പൂർണമായും തുറക്കാൻ വ്യാപാരികൾ. നിലവിലെ ഇളവുകൾ പര്യാപ്തമല്ലെന്ന്  വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ പറഞ്ഞു. ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണരീതി തന്നെ തെറ്റാണെന്നാണ് പ്രതിപക്ഷ നിലപാട്. സർക്കാർ കൊറോണ ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

കോഴിക്കോട്ട് പരസ്യമായി രംഗത്തിറങ്ങിയ വ്യാപാരികളുടെ സമരം പൊതുവികാരമായി കണക്കിലെടുത്ത് കൂടിയാണ് നിയന്ത്രണങ്ങളിൽ ഇന്ന് സർക്കാർ പുനഃപരിശോധന നടത്തിയത്. പക്ഷെ ഇത് പോരെന്ന് വ്യക്തമാക്കുകയാണ് വ്യാപാരികൾ. കൊറോണ കാലത്ത് ഉടനീളം തകർച്ചയിലായിരുന്ന മേഖലയാണിത്. പെരുന്നാൾ പശ്ചാത്തലത്തിൽ എല്ലാദിവസവും എല്ലാ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ് വ്യാപാരികൾ. സർക്കാരനുവദിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തുറക്കാനാണ് തീരുമാനം. കോഴിക്കോട് ഇന്നും വ്യാപാരികളുടെ സമരമുണ്ടായി. 

അതേസമയം, കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നതെന്നും വിദഗ്ധസമിതി നിരീക്ഷിക്കുന്നു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവർത്തനസമയം കൂട്ടുകയാണ് വേണ്ടതെന്നും നിർദേശം ഉയർന്നു. മൂന്നാം തരംഗം നമ്മുടെ തൊട്ടടുത്തുണ്ടെന്നും, എല്ലാ തരത്തിലും ജാഗ്രത വേണമെന്നും ഐഎംഎയും മുന്നറിയിപ്പ് നൽകിയിരുന്നു. 

Related News