സിക്ക രോഗബാധ: ആനയറയില്‍ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു

  • 14/07/2021



തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. എന്നാല്‍, രോഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്നും ജാഗ്രത കൈവിടരുതെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ആനയറ മേഖലയില്‍ അല്ലാതെ മറ്റിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു.കൊതുക് നി!ര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ഇത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കി.രോഗലക്ഷണം ഉള്ളവര്‍ എത്രയും വേഗം ചികിത്സ തേടണണെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.രോഗലക്ഷണമുള്ളവര്‍ക്ക് വിളിക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തയാറാക്കിയിട്ടുണ്ട്. പരിശോധനക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയിലുള്‍പ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പത്തുമാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടെ 23 പേരിലാണ് നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് കുറവാണെങ്കിലും കുഞ്ഞുങ്ങളില്‍ ജനിതക വൈകല്യത്തിനുള്‍പ്പടെ രോഗബാധ ഇടയാക്കും. രോഗത്തിന് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല.

Related News