മുഖ്യമന്ത്രി ഇടപെട്ടു; കടതുറക്കൽ സമരത്തിൽനിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി

  • 14/07/2021

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ പ്രഖ്യാപിച്ച കടതുറക്കൽ സമരം പിൻവലിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനാലാണ് സമരത്തിൽ നിന്ന് പിൻമാറുന്നതെന്ന് നേതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി വ്യാപാരികൾ തിരുവനന്തപുരത്ത് ചർച്ച നടത്തും. 

കോഴിക്കോട് ജില്ലാ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നാളെ കടതുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. എന്നാൽ പ്രസിഡണ്ട് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് കടകൾ തുറന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതെന്ന് നേതാക്കൾ വിശദീകരിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും അവർ വ്യക്തമാക്കി. 

വ്യാപാരികളുമായി നേരിട്ടൊരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് വീണ്ടും ചർച്ചയ്ക്ക് സർക്കാർ തയ്യാറായതെന്നാണ് സൂചന. യുഡിഎഫും ബിജെപിയും നാളത്തെ സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനിടെയാണ് സമരത്തിൽ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അപ്രതീക്ഷിത പിൻമാറ്റം.

Related News