സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് പട്ടികയില്‍നിന്ന് വാരിയംകുന്നത്തും ആലിമുസ്‌ല്യാരുമുള്‍പ്പെടെ 387 പേര്‍ പുറത്തേക്ക്

  • 23/08/2021

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ ഉള്‍പ്പെടെ 387 പേര്‍ പുറത്തേക്ക്. 1921ല്‍ നടന്ന മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതല്ലെന്നും മത പരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദി പോരാട്ടമായിരുന്നുവെന്നും ഉള്ള സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നീക്കം. നിഘണ്ടുവിന്റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച ഐ.സി.എച്ച്.ആര്‍ പാനലാണ് നിര്‍ദേശം സമര്‍പ്പിച്ചത്.

സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി പറയുന്നു. ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ് ഐ.സി.എച്ച്.ആര്‍ പാനല്‍ മലബാര്‍ സമരത്തെ കാണുന്നത്. ഐ.സി.എച്ച്.ആര്‍ കണ്ടെത്തല്‍ പ്രകാരം ശരീഅത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 'നിരവധി ഹിന്ദുക്കളെ അദ്ദേഹം തലവെട്ടി. മതനിരപേക്ഷ മുസ്‌ലിംകളെ പോലും അവര്‍ വിട്ടില്ല'.

'കലാപകാരികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടവര്‍ അവിശ്വാസികളായി മുദ്രകുത്തപ്പെട്ടു. കൊല്ലപ്പെട്ട 'മാപ്പിള കലാപകാരികള്‍' ഏറെയും ജയിലില്‍ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ് മരിച്ചത്. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് കോടതി നടപടികള്‍ക്കൊടുവില്‍ ഭരണകൂടം വധിച്ചത്' ഐ.സി.എച്ച്.ആര്‍ പാനല്‍ പറയുന്നു.

സമരം വിജയിച്ചിരുന്നുവെങ്കില്‍ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നുവെന്നും ആ ഭാഗം ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും പാനല്‍ അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. പാനല്‍ നിര്‍ദേശിച്ച പ്രകാരം രക്തസാക്ഷികളുടെ പട്ടിക പുനഃപരിശോധിക്കുമെന്നും പുതിയ നിഘണ്ടു ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ (ഗവേഷണ, ഭരണ നിര്‍വഹണ വിഭാഗം) ജീ ഉപാധ്യായ വ്യക്തമാക്കി.

Related News