ജമാഅത്തെ ഇസ്‌ളാമി ജൂനിയര്‍ താലിബാനികള്‍; വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനെന്ന് അബ്ദുള്ളക്കുട്ടി

  • 23/08/2021

കണ്ണൂര്‍: വാരിയംകുന്നന്‍ കേരളത്തിലെ ആദ്യത്തെ താലിബാന്‍ തലവനാണെന്ന പ്രസ്താവനയില്‍ ഉറച്ച് എ പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവന്‍ ആണെന്നും ജമാഅത്തെ ഇസ്‌ളാമി ജൂനിയര്‍ താലിബാനിസമാണ് നടപ്പിലാക്കുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. വാരിയംകുന്നന്റെ ആക്രമണത്തില്‍ വി.എസിന്റെ കുടുംബവും ഇരകളായിരുന്നുവെന്നത് മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്ന് അടുത്തിടെ അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. വാരിയം കുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസ്സിലാക്കണമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. സ്പീക്കര്‍ എം. ബി രാജേഷ് വാരിയംകുന്നനെ ഭഗത് സിങ്ങുമായി താരതമ്യം ചെയ്തതും വിവാദമായിരുന്നു.

'താലിബാനിസം കേരളത്തിലും ആവര്‍ത്തിക്കും. കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണ്. അഫ്ഗാനിസ്ഥാനില്‍ കാണുന്നത് നബിവചനത്തിന് എതിരായ പ്രവര്‍ത്തനമാണ്. കേരളം മറ്റൊരു സിറിയയും അഫ്ഗാനിസ്ഥാനും ആയി മാറാതിരിക്കാന്‍ സമസ്തയുള്‍പ്പെടെയുള്ള ഇസ്ലാം മത നേതാക്കള്‍ പ്രതികരിക്കണ'മെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

സംവിധായകന്‍ ആഷിഖ് അബു നേരത്തെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ വംശഹത്യ നടത്തിയയാളെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. അങ്ങിനെയല്ലെന്ന നിലപാടുമായി സിപിഎം നേതാക്കളടക്കം രംഗത്ത് വരികയും ചെയ്തു.

Related News