മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം മോഷണം നടത്തുന്നു; പരാതിയുമായി ഭാര്യപിതാവ്

  • 23/08/2021

മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്നും മോഷണം നടത്തുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കി ഭാര്യയുടെ അച്ഛന്‍. സംഭവത്തില്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതിയായ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡാണ് സംഭവമുണ്ടായത്.

ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്‌ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. മരുമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തായത്.

2019 ജൂലൈ മുതല്‍ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. മകളുടെ ഭര്‍ത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്‌പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നതെന്ന് വീട്ടുകാര്‍ മനസിലാക്കിത്തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ആദ്യം മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാര്‍ വലഞ്ഞതോടെ ചില ബന്ധുക്കള്‍ മരുമകനെ നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം 29നും ഈ വീട്ടില്‍ മോഷണം നടന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ സംഭവം വെളിച്ചത്താവുകയായിരുന്നു.

Related News