ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും; തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹം

  • 24/08/2021



തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നഗരസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് അജിത തങ്കപ്പന്റെ മൊഴിയെടുക്കും. ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്ന ആരോപണം സത്യമാണെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭ അധ്യക്ഷ പതിനായിരം രൂപ സമ്മാനിച്ചുവെന്ന ആരോപണത്തെ ചൊല്ലിയുള്ള വിവാദം കത്തിക്കയറുകയാണ്. പണം വിതരണം ചെയ്ത ചെയര്‍പേഴ്‌സണ്‍ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് അനിശ്ചിതകാലസമരം തുടങ്ങി. നഗരസഭയിലെ സിസി ടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി. പണം നല്‍കുന്ന ദൃശ്യം സിസി ടിവിയില്‍ ഉള്ളതിനാല്‍ അത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോപണം. ഈ ആവശ്യവുമായി നഗരസഭ സൂപ്രണ്ട് ഓഫീസില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ പിന്നീട് ചെയര്‍പെഴ്‌സണിന്റെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധം മാറ്റി.

ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പിയും പി.ഡി.പിയും നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി. സംഭവത്തില്‍ ഡി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ മൊഴിയെടുക്കും. വിഷയം തദ്ദേശ വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ആരോപണം തെളിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നും റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. വരും ദിവസങ്ങളിലും നഗരസഭക്ക് മുന്‍പില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Related News