ഒളിമ്പ്യന്‍ ഒ.ചന്ദ്രശേഖരന്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ഫുട്‌ബോള്‍ സുവര്‍ണ നിരയിലെ അംഗം

  • 24/08/2021


കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സുവര്‍ണ നിരയിലെ അംഗമായിരുന്ന മലയാളി ഒളിമ്പ്യന്‍ ഒ.ചന്ദ്രശേഖരന്‍ അന്തരിച്ചു. 1960 ലെ റോം ഒളിമ്പിക്‌സില്‍ കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. കാള്‍ട്ടക്‌സ്, ബോംബെ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. എസ്ബിറ്റിക്കായും ബൂട്ടുകെട്ടി. 1963ല്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.

ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളില്‍ പന്തു തട്ടിയായിരുന്നു തുടക്കം. തൃശൂര്‍ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടര്‍ന്നു. തുടര്‍ന്ന് ബോംബെ കാള്‍ട്ടക്‌സില്‍ ചേര്‍ന്നു. 1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങിയ ചന്ദ്രശേഖരന്‍, ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ നിരയുടെ പൊട്ടാത്ത പ്രതിരോധനിരയിലെ കണ്ണിയായിരുന്നു. 

ഇന്ത്യന്‍ ടീമിന്റെ നായകനായും ചന്ദ്രശേഖരന്‍ തിളങ്ങി. 1962ലെ ടെല്‍ അവീവ് ഏഷ്യന്‍ കപ്പില്‍ വെള്ളി. 1959, 1964 മെര്‍ദേക്ക ഫുട്‌ബോളിലും വെള്ളിത്തിളക്കം. 1964 ടോക്യോ ഒളിമ്ബിക്‌സിനുള്ള യോഗ്യതാ മത്സരങ്ങള്‍ കളിച്ചു. പക്ഷേ, ഇന്ത്യക്ക് യോഗ്യത നേടാനായില്ല.

ചുനി ഗോസ്വാമിയും നെവില്‍ ഡിസൂസയും ബലറാമും കെമ്ബയ്യയും യൂസഫ് ഖാനുമൊക്കെ ഉള്‍പ്പെട്ട ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണനിരയില്‍ പ്രതിരോധത്തില്‍ നെടുങ്കോട്ട തീര്‍ത്ത് മലയാളി താരമാണ് ഒ ചന്ദ്രശേഖരന്‍. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരെയൊക്കെ തോല്‍പ്പിച്ച് 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗമായിരുന്നു ചന്ദ്രശേഖരന്‍. 

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആ വസന്തകാലത്ത് പ്രതിരോധത്തിന്റെ വലതുഭാഗത്ത് എതിര്‍നീക്കങ്ങള്‍ക്ക് തടയിടാന്‍ നിയുക്തനായ ഇരിങ്ങാലക്കുട ഓടമ്പള്ളില്‍ ചന്ദ്രശേഖരന്‍ എന്ന ഒ ചന്ദ്രശേഖരന്‍ തോമസ് വറുഗീസ് (തിരുവല്ല പാപ്പന്‍), കോട്ടയം സാലി, എസ് എസ് നാരായണന്‍, ടി അബ്ദുള്‍ റഹ്മാന്‍, എം ദേവദാസ് എന്നിങ്ങനെ ഒളിമ്ബിക്‌സ് ഫുട്‌ബോളില്‍ പന്തു തട്ടാന്‍ ഭാഗ്യം സിദ്ധിച്ച മലയാളികളില്‍ വിരലിലെണ്ണാവുന്നവരില്‍ ഒരാളാണ്. 

ഫുട്‌ബോളിനോടുള്ള അഭിനിവേശം 1955ല്‍ ചന്ദ്രശേഖരനെ ബോംബെ കാല്‍ടെക്‌സില്‍ എത്തിച്ചു. കൂട്ടിന് മലബാറിന്റെ ഹരമായിരുന്ന പവിത്രന്‍, മാധവന്‍, ആന്റണി തുടങ്ങിയവരുമുണ്ടായിരുന്നു. നാളുകള്‍ക്കകം കാല്‍ടെക്‌സ് ഇന്ത്യയിലെ മുന്തിയ ഫുട്‌ബോള്‍ ടീമുകളിലൊന്നായി മാറി. 

നെവില്‍ ഡിസൂസയും ലത്തീഫും ചന്ദ്രശേഖരനും ഉള്‍പ്പെട്ട കാല്‍ടെക്‌സ് കല്‍ക്കത്തയിലെ വന്‍ തോക്കുകള്‍ക്ക് ഭീതിയുണര്‍ത്തിയ നാളുകള്‍. 1958ല്‍ മൊഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങിനെ തോല്‍പ്പിച്ച് റോവേഴ്‌സ് കപ്പ് നേടിയ കാല്‍ടെക്‌സ് തുടര്‍ന്ന് വിജയത്തിന്റെ ജൈത്രയാത്രയിലായിരുന്നു. ബള്‍ഗേറിയയും യുഗോസ്ലാവ്യയും ബോംബെ സന്ദര്‍ശിച്ചപ്പോള്‍ ഏറ്റുമുട്ടിയ ഇന്ത്യന്‍ ടീമില്‍ ചന്ദ്രശേഖരനും ഉണ്ടായിരുന്നു. 

ശക്തരായ യൂറോപ്യന്‍ ടീമുകളെ ശാസ്ത്രീയ പരിശീലനമൊന്നും ഇല്ലാതെ നേരിട്ടിട്ടും ഇരുമത്സരത്തിലും ഓരോ ഗോളിനു മാത്രമാണ് ഇന്ത്യ തോറ്റത്. കാല്‍ടെക്‌സില്‍ ഫുട്‌ബോള്‍ കളിക്കാരനായതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും ഇല്ലായിരുന്നു. 135 രൂപ ശമ്ബളം, ദിവസവും നാലുമണിക്കൂര്‍ പരിശീലനവും ബാക്കിസമയം ഓഫീസ് ജോലിയും. 

1963ല്‍ മദിരാശിയില്‍ നടന്ന ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയുടെ നായകനായി സന്തോഷ് ട്രോഫി ഏറ്റുവാങ്ങി ആ ബഹുമതിക്ക് അര്‍ഹനാവുന്ന ആദ്യ മലയാളിയും ഒ ചന്ദ്രശേഖരനാണ്. പഠിപ്പിലും കളിയിലും ഒരുപോലെ മികവുകാട്ടിയ ചന്ദ്രശേഖരന്‍ 1954ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്‌ബോള്‍ യൂണിവേഴ്‌സിറ്റി ടീമിലും തിരുകൊച്ചി ടീമിലും കളിച്ചിട്ടുണ്ട്. 

അന്നത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് 1955ല്‍ കാല്‍ടെക്‌സ് ടീമിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 1955 മുതല്‍ 1966 വരെ മഹാരാഷ്ട്രയെയും 1968 വരെ ഇന്ത്യയെയും പ്രതിനിധീകരിച്ച ചന്ദ്രശേഖരനിലെ ഫുട്‌ബോളറെ കണ്ടെത്തുന്നതിലും രാജ്യം അറിയുന്ന താരമായി വളര്‍ത്തിയെടുക്കുന്നതിലും മുംബൈയിലെ ജീവിതവും അവിടെ കാഴ്ചവച്ച കളിയുമായിരുന്നു പടവുകളായത്.

1956 1966 കാലത്ത് മഹാരാഷ്ട്രയ്ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ല്‍ ക്യാപ്റ്റനായി കപ്പ് നേടി. ഇന്ത്യന്‍ ടീമില്‍നിന്ന് വിരമിച്ചശേഷം 1966ല്‍ എസ്ബിഐയില്‍ ചേര്‍ന്നു. അവിടെ ഏഴുവര്‍ഷം ജോലിക്കൊപ്പം പരിശീലകന്റെയും കളിക്കാരന്റെയും റോളും വഹിച്ചു. കളി നിര്‍ത്തിയശേഷം കേരള ടീമിന്റെ സെലക്ടറും ,കൊച്ചി കേന്ദ്രമായി തുടങ്ങിയ എഫ്‌സി കൊച്ചിന്‍ ടീമിന്റെ ജനറല്‍ മാനേജരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒളിമ്ബിക്‌സ്, ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഡ്യൂറന്‍ഡ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി എന്നിങ്ങനെ നിരവധി ടൂര്‍ണമെന്റുകളില്‍ നിറസാന്നിധ്യമായിരുന്ന ഒ ചന്ദ്രശേഖരന്‍ 1969ല്‍ ബൂട്ടഴിച്ചെങ്കിലും കാല്‍പ്പന്തുകളിയോട് പ്രണയവും ഭ്രാന്തും വിശ്രമജീവിതകാലത്തും തുടര്‍ന്നു. ഫുട്‌ബോള്‍ കളിയും കരിയറും ഒരുപോലെ നന്നായി കൊണ്ടുപോയ അപൂര്‍വ കളിക്കാരിലൊരാളാണ് ചന്ദ്രശേഖരന്‍. 

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായാണ് അദ്ദേഹം വിരമിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിന് യശസ്സ് നേടിക്കൊടുക്കുന്നതില്‍ മുഖ്യസംഭാവന നല്‍കിയ കളിക്കാരുടെ സുവര്‍ണനിരയിലാണ് ചന്ദ്രശേഖരന്റെ സ്ഥാനം.

Related News