കേരളം ഒഴികെ രാജ്യത്ത് കോവിഡ് കേസുകള്‍ 14,719 മാത്രം; വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് 40,000 കടക്കുമെന്ന് വിലയിരുത്തല്‍

  • 26/08/2021

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തിലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്. 607 പേരുടെ മരണമാണ് രാജ്യത്ത് ഇന്നലെ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഇതില്‍ 215ഉം കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേര്‍ കോവിഡ് മുക്തമായി.

ഇന്നലെ വരെ 3,25,58,530 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,17,88,440 പേര്‍ രോഗമുക്തി നേടി. 3,33,725 പേരാണ് നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,36,365. ഇന്നലെ വരെ 60,38,46,475 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 80,40,407 പേരാണ് ഇന്നലെ വാക്‌സിന്‍ എടുത്തത്.

അതേസമയം, മൂന്ന് മാസത്തിന് ശേഷം സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ മുപ്പതിനായിരത്തിന് മുകളിലെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് അടുത്തെത്തുമെന്നാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മെയ് 20ന് ശേഷം ആദ്യമായാണ് ഇന്നലെ പ്രതിദിന കേസുകള്‍ 30,000 കടന്നിരിക്കുന്നത്. ടി.പി.ആറും മൂന്ന് മാസത്തിന് ശേഷം 19ന് മുകളിലെത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. മരണനിരക്കും ഉയരുകയാണ്. ഓണത്തിന് ശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന വിലയിരുത്തല്‍ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. പ്രതിദിന കേസുകള്‍ 40,000ലേക്ക് എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.

Related News