കരമനയില്‍ മീന്‍ കച്ചവടക്കാരിയുടെ കുട്ട തട്ടിത്തെറുപ്പിച്ചത് പോലീസല്ല; ദൃക്‌സാക്ഷിയുടെ മൊഴി

  • 26/08/2021



തിരുവനന്തപുരം: കരമനയില്‍  മീന്‍ കച്ചവടക്കാരിയുടെ കുട്ട പോലീസല്ല തട്ടിത്തെറുപ്പിച്ചതെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. ഇന്നലെ വൈകിട്ട് നാലരക്ക് കരമന പാലത്തിനടുത്ത് മീന്‍ വില്‍ക്കുമ്പോള്‍ കുട്ട പോലീസ് തട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു മീന്‍ കച്ചവടക്കാരി മേരിപുഷ്പത്തിന്റെ പരാതി. എന്നാല്‍ എസ്‌ഐയും സംഘവും ജീപ്പിന് പുറത്തിറങ്ങിയില്ലെന്നാണ് പൊലീസ് വിശദീകരണം. ഇത് വ്യക്തമാക്കുന്ന മൊബൈലില്‍ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

തൊട്ടടുത്ത കടയില്‍ ചായ കുടിച്ച് കൊണ്ടിരുന്ന യൂസഫും പൊലീസിന്റെ വിശദീകരണം ശരിവയ്ക്കുന്നു. മത്സ്യത്തൊഴിലാളിയോട് മാറിയിരിക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് യൂസഫ് പറഞ്ഞു. റോഡ് ബ്ലോക്ക് ആകുമെന്നും മാറിയിരിക്കണമെന്നും പോലീസ് പറഞ്ഞു. എസ് ഐ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ആ സമയത്ത് മത്സ്യത്തൊളിലാളി തന്നെ മീന്‍ റോഡിലിടുകയായിരുന്നു. താന്‍ ചായകുടിക്കുന്ന സമയത്താണ് ഇത് കണ്ടതെന്നും ചെയ്തത് മോശമാണെന്ന് താനവരോട് പറഞ്ഞിരുന്നുവെന്നും യൂസഫ് പറഞ്ഞു.

സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ സംഭവത്തെക്കുറിച്ച്  അന്വേഷിക്കാന്‍ തൊഴില്‍ മന്ത്രി ശിവന്‍കുട്ടി ലേബര്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ പൊലീസ് തന്നെയാണ് മീന്‍ തട്ടിത്തെറിപ്പിച്ചതെന്നും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് മീന്‍ കച്ചവടക്കാരി ആവര്‍ത്തിക്കുന്നത്.

Related News