രണ്ടാഴ്ച്ച മുന്‍പ് ഉമ്മ വിടപറഞ്ഞു, പിന്നാലെ വാപ്പയും; തനിച്ചായി നഷ്‌വ

  • 27/08/2021


സിനിമാ നിര്‍മ്മാതാവും പാചക വിദഗ്ദനുമായ നൗഷാദ് വിടപറഞ്ഞതോടെ തനിച്ചായത് ഏക മകളായ നഷ്‌വ. പതിമൂന്ന് വയസുള്ള നഷ്‌വയുടെ ഉമ്മ ഷീബ രണ്ടാഴ്ച്ച മുന്‍പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഈ സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. ആശുപത്രി ഐസിയുവില്‍ വെച്ചാണ് നൗഷാദ് ഭാര്യയെ അവസാനമായി ഒരു നോക്ക് കാണുന്നത് പോലും. ഉമ്മയെ നഷ്ടമായ മാനസികാഘാതത്തില്‍ മോചിതയാകും മുന്‍പ് നഷ്‌വയ്ക്ക് പിതാവിനെയും നഷ്ടമായി.

സൗമ്യനായ വ്യക്തിത്വമാണ് നൗഷാദിന്റേത്. പാചകരംഗത്ത് വളരെ പെട്ടന്ന് തന്നെ തന്റേതായ ഇടം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തിരുവല്ലയില്‍ കേറ്ററിംഗ് സര്‍വീസ് നടത്തിയിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹം പാചകരംഗത്തേക്ക് എത്തിച്ചേരുന്നത്. പിതാവിനെക്കാള്‍ ജനപ്രതീ ചെറിയ കാലം കൊണ്ട് നേടിയെടുക്കാന്‍ നൗഷാദിന് സാധിച്ചു. 'നൗഷാദ് ദ ബിഗ് ഷെഫ്' എന്ന റസ്റ്ററന്റ് ശൃഖലയും അദ്ദേഹം ആരംഭിച്ചിരുന്നു. ടിവി പരിപാടികളിലൂടെ ജനപ്രീതി നേടിയ നൗഷാദ് സിനിമാ നിര്‍മ്മാണ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു.

പാചക രംഗത്തെ പോലെ തന്നെ സിനിമയോടും വലിയ താല്‍പ്പര്യം സൂക്ഷിച്ചിരുന്ന നൗഷാദ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ കാഴ്ച്ചയുടെ സഹനിര്‍മ്മാതാവായിട്ടായിരുന്നു പിന്നണിയിലെ അരങ്ങേറ്റം. ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. നിര്‍മ്മിച്ച എല്ലാ സിനിമകളുടെ ബോക്‌സോഫീസില്‍ മികച്ച പ്രതികരണവും ലഭിച്ചു. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന ചികിത്സയിലിരിക്കെയാണ് മരണം.

മൂന്നു വര്‍ഷം മുന്‍പ് ഉദര സംബന്ധമായ രോഗത്തിനു നൗഷാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്നു നടക്കും.

Related News