കോവിഡ്: കേരളത്തിന് അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

  • 28/08/2021



തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചുള്ള കര്‍ശന നിയന്ത്രണ നടപടികള്‍ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്ഥലത്തേക്ക് കേസുകള്‍ പടരാതിരിക്കാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണം. പോസിറ്റീവാകുന്ന ആളുമായി  സമ്പര്‍ക്കം പുലര്‍ത്തിയ 20-25 ആളുകളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി ക്വാറന്റീനിലാക്കണം. ഹോം ഐസലേഷന്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണം. പരിശോധന വര്‍ധിപ്പിക്കണം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും പരിശോധനയില്‍ പ്രഥമ പരിഗണന നല്‍കണം. കോവിഡ് ജനിതക വ്യതിയാനത്തെക്കുറിച്ച്‌ പഠനം നടത്തണം. രണ്ടാം ഡോസ് വാക്സീന്‍ അര്‍ഹരായവര്‍ക്ക് എത്രയും വേഗം ലഭിക്കാന്‍ കേരളത്തിന്റെതായ മാതൃക തയാറാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Related News