സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു: മികച്ച നടി അശ്വതി ശ്രീകാന്ത്; മികച്ച ഇൻ്റർവ്യൂവർ കെ.ആർ.ഗോപീകൃഷ്ണൻ

  • 01/09/2021


2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്സ് നടി അശ്വതി ശ്രീകാന്തിന്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടൻ ശിവജി ഗുരുവായൂരാണ്. ഫ്ളവേഴ്സ് ടിവിയിലെ കഥയറിയാതെ എന്ന പരമ്പരയിലൂടെയാണ് പുരസ്കാരം ശിവജിയെ തേടിയെത്തിയത്.

മികച്ച ആങ്കർ / ഇൻ്റർവ്യൂവർ പുരസ്കാരം ട്വന്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ.ഗോപീകൃഷ്ണന് ലഭിച്ചു. 360 എന്ന പരിപാടിയിലൂടെയാണ് പുരസ്കാരം ലഭിച്ചത്. ഒരേസമയം പ്രതിപക്ഷ ബഹുമാനവും, അന്വേഷാത്മ​ഗതയും പ്രകടിപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് വാർത്തകളുടെയും വിവാദങ്ങളുടെയും ഉള്ളറകളിലേക്ക് വ്യക്തികളിലൂടെ നടത്തുന്ന സഞ്ചാരത്തിനും അവതരണമികവിനുമാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി മീരയെ തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത കൂടത്തായി, കഥയറിയാതെ എന്നീ പരമ്പരകളിലൂടെയാണ് അവാർഡ് ലഭിച്ചത്. 

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികൾ ഒന്നുംതന്നെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മികച്ച ടെലി സീരിയൽ വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലായെന്ന് ജൂറി തീരുമാനിച്ചു. മികച്ച സംവിധായകനെയും ഇത്തവണ തിരഞ്ഞെടുത്തില്ല. മികച്ച ടെലി ഫിലിം ആയി റജിൻ കെ സി സംവിധാനം ചെയ്ത 'കള്ളൻ മറുത' തിരഞ്ഞെടുത്തു.  

മികച്ച ഹാസ്യാഭിനേതാവ് സലിം ഹസ്സൻ (മറിമായം / മഴവിൽ മനോരമ ) മികച്ച ബാലതാരം ഗൗരി മീനാക്ഷി (ഒരിതൾ/ ദൂരദർശൻ ) മികച്ച ഛായാഗ്രാഹകൻ ശരൺ ശശിധരൻ (കള്ളൻ മറുത ) മികച്ച ചിത്രസംയോജകൻ വിഷ്ണു വിശ്വനാഥൻ (ആന്റി ഹീറോ ) മികച്ച സംഗീത സംവിധായകൻ വിനീഷ് മണി (അച്ഛൻ / കേരള വിഷൻ )

മികച്ച കലാസംവിധായകനും ഇത്തവണ അവാർഡ് ഇല്ല.  

Related News