സംസ്ഥാനത്ത് ഇനി എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്.!! വിതരണം നവംബര്‍ ഒന്നുമുതല്‍

  • 02/09/2021


തിരുവനന്തപുരം : സംസ്ഥാനത്തെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് മാറ്റി എടിഎം കാര്‍ഡ് പോലെ സ്മാര്‍ട് കാര്‍ഡാക്കാന്‍ തീരുമാനം. ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയതാണ് ഇത്. എന്നാല്‍ പുതിയ പരിഷ്‌കാരങ്ങളോട് കൂടി ഇപ്പോള്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വരുന്നതോടെ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രങ്ങളില്‍ ഇനി ക്യൂആര്‍ കോഡ് സ്‌കാനറും ഉണ്ടാകും. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉള്‍പ്പെടുത്തുക. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്ബര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകിലുണ്ടാവുകയെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാനുള്ള ഫീസ്. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമായിരിക്കും. താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം.

കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പിഡിഎഫ് പ്രിന്റെടുത്തും, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയല്‍ കാര്‍ഡ് പോലെ തന്നെ ഈ കാര്‍ഡ് ആളുകള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

Related News