സംഘടനാപരമായ കാര്യങ്ങൾ ഉമ്മൻചാണ്ടിയോട് ആലോചിക്കണം: ചെന്നിത്തല

  • 03/09/2021


കോട്ടയം: കോൺഗ്രസിൽ ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന ഗ്രൂപ്പ് വിഷയങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കോട്ടയം ഡി.സി.സി. അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.

അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇഷ്ടമില്ലാത്തവരെയും ഒരുമിച്ചു കൊണ്ടുപോയി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം എല്ലാവരെയും ഒരുമിച്ച് നിർത്തി. തന്നോട് എന്തെങ്കിലും ആലോചിക്കണം എന്ന് ഞാൻ പറയില്ല. താൻ ഈ പാർട്ടിയുടെ നാലണ മെമ്പർ മാത്രമാണ്. ഉമ്മൻചാണ്ടി അങ്ങനെയല്ല, അദ്ദേഹം എ.ഐ.സി.സി. വർക്കിങ് കമ്മിറ്റി അംഗമാണ്. സംഘടനാപരമായ കാര്യങ്ങൾ ഉമ്മൻചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ഒരുമിച്ചു നിൽക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോൾ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.

മുതിർന്ന നേതാവ് എന്ന് പറയുമ്പോൾ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. പറയുന്ന പലരും 74-75 വയസ്സ് എത്തിയവരാണ്. തനിക്ക് അറുപത്തിമൂന്ന് വയസ് മാത്രമാണുള്ളത്. ഇപ്പോൾ അച്ചടക്കത്തെ കുറിച്ച് പലരും സംസാരിക്കുന്നു. അതിനു മുൻകാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കിൽ എത്രപേർ കോൺഗ്രസിൽ ഉണ്ടാകും എന്ന് പറയാൻ വയ്യ. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് പറയണ്ട. ഉമ്മൻചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാവില്ല- ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ് എന്ന് പറഞ്ഞു. 17 വർഷം ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ചു. താൻ കെ.പി.സി.സി. പ്രസിഡന്റും ഉമ്മൻചാണ്ടി പാർലമെന്ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തിരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനമാണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ-പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അച്ചുതണ്ട് രൂപം കൊണ്ടതിനു പിന്നാലെ കോൺഗ്രസിലെ പല ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിഞ്ഞിരുന്നു. ഇതിനെതിരെ എ-ഐ ഗ്രൂപ്പുകൾ ഒന്നിച്ചുനീങ്ങുമെന്ന സന്ദേശം പലകോണുകൡനിന്നും ഉയരുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന പ്രതികരണമാണ് ഇപ്പോൾ രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സംഘടനാപരമായ കാര്യങ്ങൾ ഉമ്മൻചാണ്ടിയോട്  ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Related News