സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57ആയി വർധിപ്പിക്കാൻ ശുപാര്‍ശ

  • 03/09/2021



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള പരിഷ്‌കരണ കമ്മിഷനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കുന്നതിന് അനുസരിച്ച് ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണമെന്നാണ് മറ്റൊരു പ്രധാന ശുപാർശ. പകൽ 10 മുതൽ 5 വരെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ ഇടവേളയാണ്. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കി ദീർഘിപ്പിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.

സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. പട്ടിക വിഭാഗങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 % ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

റിപ്പോർട്ടിലെ മറ്റു പ്രധാന നിർദേശങ്ങൾ-

സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകൾ ഏറ്റവും പ്രചാരമുള്ള രണ്ടു മലയാളം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം.

വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകൾ പ്രസിദ്ധീകരിക്കണം. ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന സമിതിയിൽ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സർക്കാർ പ്രതിനിധികൾ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകർത്തി സൂക്ഷിക്കണം.

നിയമനം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്.
\1\6ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളൂ.

ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ കണ്ടെത്തണം. വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണം.

ഭരണ രംഗത്ത് കാര്യക്ഷമതയാണ് ആവശ്യം. സാധാരണക്കാരന്റെ യഥാർഥ പ്രശ്നം എന്താണെന്ന് ഉൾക്കൊള്ളാനുള്ള മനോഭാവം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. മര്യാദയോടെയുള്ള പെരുമാറ്റമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യം.
പിഎസ്‌സി റിക്രൂട്ട്മെന്റ് കാര്യക്ഷമമാക്കുക. അതിവേഗം റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുക.

ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക.കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കുക.

Related News