തിരുവനന്തപുരത്ത് വാക്‌സിന്‍ ഉത്പാദന മേഖല സ്ഥാപിക്കാന്‍ തീരുമാനം; സബ്‌സിഡിയും ആനുകൂല്യങ്ങളും

  • 08/09/2021



തിരുവനന്തപുരം: തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറാകുന്ന ആങ്കര്‍ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് ഭൂമി നല്‍കും.

കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാര്‍ രജിസ്റ്റര്‍ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കും. ഉപകരണങ്ങള്‍, പ്ലാന്റ്, യന്ത്രങ്ങള്‍ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫില്‍ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റിന് അഞ്ച് കോടി രൂപയ്ക്കകത്തും സബ്‌സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന 20 വര്‍ഷത്തെ ദീര്‍ഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകര്‍ഷകമായ വായ്പകള്‍ നല്‍കും. ഫില്‍ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടിരൂപയ്ക്കകത്തും വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റിനുള്ള വായ്പാ പരിധി 30 കോടിരൂപയ്ക്കകത്തും നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടിരൂപയ്ക്കകത്താകും. 

സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളില്‍ നല്‍കും. ബില്‍ തുകയില്‍ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതിനിരക്ക് സബ്‌സിഡി നല്‍കും. പ്രവര്‍ത്തനമാരംഭിച്ച് രണ്ടുവര്‍ഷത്തേയ്ക്കുള്ള ബില്‍ തുകയില്‍ വാട്ടര്‍ ചാര്‍ജ്ജ് സബ്‌സിഡിയും നല്‍കും. ഉല്‍പ്പാദിപ്പിക്കേണ്ട വാക്‌സിന്‍, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികള്‍ക്ക് തീരുമാനിക്കാം. 

ലൈഫ് സയന്‍സ് പാര്‍ക്കില്‍ പൂര്‍ത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍  അനുയോജ്യമാണെന്ന് കമ്പനികള്‍ ഉറപ്പുവരുത്തിയാല്‍ വാര്‍ഷിക വാര്‍ഷിക പാട്ടത്തിന് നല്‍കും. പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാര്‍പ്ലാന്റ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കും. 

കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് വ്യത്യസ്ത താല്‍പര്യ പത്രം തയ്യാറാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യതയുള്ള കമ്പനികളെ ആങ്കര്‍ ഇന്‍ഡസ്ട്രീസായി പരിഗണിക്കുകയും പാര്‍ക്കില്‍ അവരുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ക്ഷണിക്കുകയും ചെയ്യും. 

ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്റായി വാക്‌സിന്‍ പ്രൊഡക്ഷന്‍ യൂണിറ്റ് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗവും എച്ച്. എല്‍.എല്‍. ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ വിജയകുമാര്‍ സിസ്‌ളയെ നിയമിക്കും. ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്‌സിന്‍ നയം വികസിപ്പിക്കുന്നതിന്റെ ചുമതല ഏല്‍പ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Related News