എഐസിസി: ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കും, മുല്ലപ്പള്ളി ദേശീയ നേതൃത്വത്തിലേക്ക്

  • 09/09/2021



ന്യൂഡല്‍ഹി: എ​.ഐ​.സി.​സി പു​നഃ​സം​ഘ​ടന​യി​ല്‍ മു​ല്ല​പ്പ​ള്ളി​ രാമചന്ദ്രന് പ​ദ​വി ന​ല്‍​കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. പ​ദ​വി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെങ്കിലും ഇ​ത് സം​ബ​ന്ധി​ച്ച്‌ ഹൈ​ക്ക​മാ​ന്‍​ഡ് മു​ല്ല​പ്പ​ള്ളി​യോ​ട് സം​സാ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അതേസമയം, ഉമ്മന്‍ചാണ്ടിയെ ആന്ധ്ര പ്രദേശിന്‍റെ ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. 77കാരനായ ഉമ്മന്‍ചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2018ല്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ഉമ്മന്‍ചാണ്ടിക്ക് അവിടെ വലി‍യ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല എന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ രമേശ് ചെന്നിത്തല എ.ഐ.സി.സി നേതൃത്വത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ഇപ്പോള്‍ മുല്ലപ്പള്ളിക്കാണ് ഹൈക്കമാന്‍ഡ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഡി.സി.സി അധ്യക്ഷ പദവി സംബന്ധിച്ച്‌ ഗ്രൂപുകള്‍ക്കിടയില്‍ അതൃപ്തിയുണ്ടായപ്പോഴും മുല്ലപ്പള്ളി പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. ഇതാണ് മുല്ലപ്പള്ളിക്ക് തുണയായത്.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. പുതിയ നേതൃത്വത്തിനെതിരെ എ,ഐ ഗ്രൂപുകളുടെ ഐക്യവും രൂപപ്പെട്ടിരുന്നു. ഇത് ഹൈക്കമാന്‍ഡിന് കടുത്ത നീരസമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Related News