മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചു, എ ആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് ഉടൻ: കെ ടി ജലീൽ

  • 09/09/2021


തിരുവനന്തപുരം: എആ നഗർ സഹകരണബാങ്ക് ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ സിപിഎം തള്ളിയതിനെ ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ച മുറുകുന്നതിനിടെ ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി. ഇഡി അന്വേഷണ ആവശ്യം പാർട്ടി വിരുദ്ധമാണെന്ന് പിണറായി ജലീലിനെ അറിയിച്ചു. ഇഡി അന്വേഷണത്തിനെതിരായ സിപിഎം നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി, പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും ജലീലിനോട് നിർദ്ദേശിച്ചു. എആർ നഗർ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്നായിരുന്നു ജലീലിന്‍റെ വിശദീകരണം. 

ചന്ദ്രിക കേസിലും താനല്ല പരാതിക്കാരൻ. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് മൊഴി നൽകാൻ പോകുന്നതെന്നും പിണറായിയെ അറിയിച്ചായിരുന്നു കൊച്ചി ഇഡി ഓഫീസിലേക്കുള്ള ജലീലിന്‍റെ യാത്ര. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമ്മതിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നാണ് പ്രഖ്യാപനം. പോരാട്ടത്തിന് ഇടതിന്‍റെ പിന്തുണ ഉണ്ടാകുമെന്നും അവകാശവാദമുണ്ട്.  

എആർ നഗർ കേസിൽ ജലീൽ-ലീഗ് സൈബർ പോരും കനത്തിരിക്കുയാണ്. എആർ നഗർ പൂരത്തിന്‍റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട് തുടങ്ങുമെന്നും തീയണക്കാൻ തിരൂരങ്ങാടിയിലെ ഫയർ എഞ്ചിൻ മതിയാകാതെ വരുമെന്നുമാണ് ജലീലിന്‍റെ വെല്ലുവിളി. മുഖ്യമന്ത്രി ഇടപെട്ടതിനാൽ എആർ നഗറിൽ ജലീൽ ഇനി ഇഡിയുമായി സഹകരിക്കില്ലെന്നാണ് ലീഗിന്‍റെ കരുതൽ. പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഇഡി അന്വേഷണത്തോടുള്ള തുടർ നിലപാട് ജലീൽ വ്യക്തമാക്കുന്നുമില്ല.

ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006 ൽ കച്ചമുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം!

ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.

AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!! 

Related News