ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

  • 09/09/2021



കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഇടപെടലുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച കേസ് പരിഗണക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശം. അടുത്തിടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരാമര്‍ശം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികളും പരാതിപ്പെട്ടു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകരുതെന്നാണ് കോടതി നിര്‍ദേശം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം നടത്തിയാല്‍ കര്‍ശന നടപടിയെന്നാണ് ഐ.എം.എ, കെ.ജി.എം.ഒ.എ എന്നിവരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. അതിക്രമങ്ങള്‍ തടയാന്‍ നടപടിയില്ലെങ്കില്‍ ഒ.പി മുടക്കിയുള്ള സമരത്തിലേക്ക് പോകുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകളും നിലപാടെടുത്തിരുന്നു.

Related News