വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; നിര്‍ണായകമായി ഡിജിറ്റല്‍ തെളിവുകള്‍

  • 10/09/2021


കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് വിസ്മയ എന്ന യുവതി മരിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ശാസ്താംകോട്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം എന്നി വകുപ്പുകളാണ് പ്രതി കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

നാല്‍പ്പതിലധികം സാക്ഷിമൊഴികളും ഇരുപതിലധികം ഡിജിറ്റല്‍ തെളിവുകളും നിരത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കിരണ്‍ കുമാറിന്റെ വീട്ടില്‍ നേരിട്ട പീഡനങ്ങളെ കുറിച്ച്‌ വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങളാണ് കേസിലെ നിര്‍ണായക തെളിവുകള്‍. വിസ്മയയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ മൊഴിയും സുപ്രധാനമാണ്.

പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് അപേക്ഷയും പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. പ്രതിയുടെ ജാമ്യാപേക്ഷ മൂന്ന് തവണ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ജൂണ്‍ 21 നാണ് നിലമേല്‍ സ്വദേശിനിയായ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related News