നാര്‍ക്കോട്ടിക് ജിഹാദ് വിവാദം: മുസ്ലിം ക്രൈസ്തവ സൗഹൃദം കളങ്കപ്പെടരുതെന്ന് കാന്തപുരം

  • 12/09/2021



കോഴിക്കോട് : പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമാകുമ്പോള്‍ പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മതവിഭാഗങ്ങള്‍ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങള്‍ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്​ധമാക്കാന്‍ ആരും തുനിയരുതെന്നും ​ കാന്തപുരം പറഞ്ഞു.

ബിഷപ്പിന്‍റെ പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദവും അവസാനിപ്പിക്കണം. അത് സമൂഹത്തില്‍ ശേഷിക്കുന്ന നന്മകളെ കൂടി ഇല്ലാതാക്കും. ബിഷപ്പിന്‍റെ പ്രസ്​താവനയുടെ പേരില്‍ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകേണ്ടത്​. ഭിന്നിപ്പുകളുടെയും അകറ്റിനിര്‍ത്തലുകളുടെയും ഭാഷ ജനങ്ങളില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടാക്കും. തലമുറകളോളം അതിന്‍റെ നീറ്റല്‍ നിലനില്‍ക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നുനല്‍കാന്‍ ബാധ്യതപ്പെട്ട മതനേതൃത്വങ്ങള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ട് എന്നും മുസ്ലിം ജമാഅത്ത് പറഞ്ഞു.

Related News