റഷ്യൻ തിരഞ്ഞെടുപ്പിൽ കേരളത്തിലും വോട്ട് ചെയ്ത് റഷ്യൻ പൗരൻമാർ

  • 13/09/2021



തിരുവനന്തപുരം: റഷ്യയിലെ പെൻസ പ്രവിശ്യയിൽനിന്ന് വരുന്ന 32-കാരി മരിയ പാർലമെന്റിലേക്കുള്ള കന്നിവോട്ട് ചെയ്തത് തിരുവനന്തപുരത്താണ്. കേരളത്തിലുള്ള റഷ്യൻ പൗരൻമാർക്ക് പാർലമെന്റിലേക്ക്‌ വോട്ടുചെയ്യാൻ തിരുവനന്തപുരത്തെ റഷ്യൻ കോൺസുലേറ്റ് ഓഫീസിൽ പോളിങ് ബൂത്ത് ഒരുക്കിയതോടെയാണ് മരിയയ്ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനായത്.

2017-ൽ വിനോദസഞ്ചാരിയായി കേരളത്തിലെത്തിയ മരിയ വർക്കല സ്വദേശിയായ നന്ദുവിനെ വിവാഹം ചെയ്ത് ഇവിടെയാണ് താമസിക്കുന്നത്. ആറുവർഷമായി കോവളത്ത് താമസിക്കുന്ന സോഫിയ രണ്ടാംതവണയാണ് രാജ്യത്തെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്യുന്നത്. മോസ്‌കോയിൽ നിന്നെത്തിയ സോഫിയ കോവളം സ്വദേശിയായ ബൈജുവിനെ വിവാഹം ചെയ്ത് ടൂറിസ്റ്റ് ഗൈഡായി ഇവിെടത്തന്നെ ജീവിക്കുകയാണ്.

ഇത്തവണ കോവളം, വർക്കല എന്നിവിടങ്ങളിൽനിന്ന് 15 സ്ത്രീകളാണ് ഇവിടെ വോട്ട് ചെയ്യാനെത്തിയത്. കേരളത്തിലാകെ നൂറോളം റഷ്യക്കാരാണ് ഉള്ളതെന്നും എന്നാൽ കോവിഡ് കാരണം കൊച്ചിയിൽനിന്നുൾപ്പെടെയുള്ളവർക്ക് എത്താനായില്ലെന്നും റഷ്യൻ കോൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ പറഞ്ഞു. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി ചെന്നൈയിലെ കോൺസുലേറ്റ് ജനറൽ സെർജി ലഗൂട്ടിൻ, വൈസ് കോൺസുലേറ്റ് അലക്‌സി തെരേസാസ് എന്നിവർ തലസ്ഥാനത്തെത്തിയിരുന്നു.

വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ പെട്ടിയിലാക്കി ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റിലേക്ക്‌ അയച്ചുകൊടുക്കും. അവിടെനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായാണ് റഷ്യയിലേക്ക്‌ എത്തിക്കുന്നത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, പുതുച്ചേരി, കൂടംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ പോളിങ് കേന്ദ്രങ്ങൾ. 17, 18, 19 തീയതികളിലാണ് റഷ്യയിലെ വോട്ടെടുപ്പ്.

റഷ്യൻ പാർലമെന്റായ ഡ്യൂമയിലേക്കുള്ള 450 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ഇതിൽ 225 സീറ്റുകളിലേക്ക് റഷ്യയിലുള്ളവർക്ക് മാത്രമാണ് വോട്ടവകാശം. ബാക്കി 225 സീറ്റിലേക്ക്‌ 14 പാർട്ടികളാണ് മത്സരിക്കുന്നത്. ഇതിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഇവിടെയുള്ളവർക്ക് വോട്ടവകാശം ഉള്ളത്.

റഷ്യൻ പാസ്‌പോർട്ടാണ് വോട്ടവകാശത്തിനുള്ള തിരിച്ചറിയൽ രേഖ. റഷ്യൻ ഭാഷയിലാണ് പാർട്ടികളുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് പേപ്പർ. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയുടെ ചിഹ്നം കരടിയാണ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമാണ് മുഖ്യ പ്രതിപക്ഷ കക്ഷികൾ. അരിവാൾ ചുറ്റിക ചിഹ്നമുള്ള രണ്ട് പാർട്ടികളുമുണ്ട്. നക്ഷത്രം, ഹൃദയചിഹ്നം, പൈൻമരം തുടങ്ങിയവയും ചിഹ്നങ്ങളായുണ്ട്. 2012, 2018 വർഷങ്ങളിൽ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പും 2016-ലെ പാർലമെന്റ് തിരഞ്ഞെടുപ്പും തിരുവനന്തപുരത്ത് നടന്നിട്ടുണ്ട്.

Related News