ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍

  • 15/09/2021



കൊച്ചി: ആര് പാര്‍ട്ടി മാറിപ്പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതൃപ്തിയുള്ളവര്‍ പാര്‍ട്ടി വിട്ടുപോവട്ടെ എന്ന നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഞാന്‍  പോയാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. കൂടുതല്‍ മിടുക്കനായ ഒരാള്‍ വരും. അത്രയേ ഉള്ളൂ. ആളുകള്‍ പാര്‍ട്ടി മാറുന്നത് പുതിയ കാര്യമല്ല. കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുന്നത് ആദ്യമായല്ല. എത്രപേര്‍ സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാളെ ആരെങ്കിലും സി.പി.എം വിട്ടുവന്നാല്‍ ഞങ്ങളും സ്വീകരിക്കും. വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്-സതീശന്‍ പറഞ്ഞു.

ഭാരവാഹികള്‍ പെട്ടിതൂക്കികളാണെന്ന് പറഞ്ഞവരെ ഏത് പാര്‍ട്ടിയാണ് വച്ചുപൊറുപ്പിക്കുകയെന്നും സതീശന്‍ ചോദിച്ചു. സി.പി.എം. എത്ര പേര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തു. എറണാകുളത്ത് പന്ത്രണ്ട് പേര്‍ക്കെതിരേ നടപടി എടുത്തില്ലെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. അവര്‍ക്കെതിരേ എന്തുകൊണ്ടാണ് സി.പി.എം. നടപടിയെടുക്കുന്നത്. പാര്‍ട്ടി എന്ന നിലയില്‍ അതിന്റേതായ ചട്ടക്കൂടുകള്‍ വേണം. ആ ചട്ടക്കൂടിനപ്പുറത്ത് നിന്ന് അവരുടെ ജില്ലാ സെക്രട്ടേറിയ്റ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കെതിരേ നടപടിയെടുത്തു. അതിനെ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ അത് ശരിയായ കാര്യമാണ്. അവരുടെ പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അവര്‍ ആ രീതിയില്‍ ചെയ്യണം. നമ്മുടെ പാര്‍ട്ടിയും കൊണ്ടുപോണ്ടെ. അവരുടെ പാര്‍ട്ടി മാത്രം മുന്നോട്ടുപോയാല്‍ മതിയോ. 

ഈരാറ്റുപേട്ട വിഷയത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വീണിടത്തുകിടന്ന് ഉരുളുകയാണ്. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് പതിമൂന്ന് സീറ്റും എല്‍.ഡി.എഫിന് പത്ത് സീറ്റുമാണുള്ളത്. എസ്.ഡി.പി.ഐയ്ക്ക് അഞ്ച് സീറ്റും. ഈ അഞ്ച് സീറ്റുള്ള എസ്.ഡി.പി.ഐയുമായി സഹകരിച്ചാണ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഭരണസമിതിയെ താഴെയിറക്കിയത്. എന്നിട്ട് ഇപ്പോള്‍ പറയുകയാണ് ഞങ്ങള്‍ അവരുമായി കൂട്ടുകൂടിയിട്ടില്ലല്ലെന്ന്. പിന്നെ എന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നാളെ പുതിയ ചെയര്‍മാന്റെ തിരഞ്ഞെടുപ്പ് വരും. ഇവര്‍ തമ്മില്‍ കൂട്ടില്ലെങ്കില്‍ യുഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമല്ലോ. അങ്ങനെയെങ്കില്‍ നഗരസഭയുടെ ഭരണം സ്തംഭിപ്പിച്ചുകൊണ്ട് എന്തിനാണ്  അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഇവരെ താഴെയിട്ടത്. എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് വീണ്ടും നഗരസഭയില്‍ ഭരണം പിടിക്കുക എന്ന അവരുടെ അജണ്ട കൃത്യമായിരുന്നു. പാല ബിഷപ്പ്ഹൗസിലേയ്ക്ക് പ്രകോപനമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയവരുമായാണ് സി.പി.എം സന്ധി ചെയ്തിരിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായ സി.പി.എമ്മിന്റെ നിലപാട് കാപട്യമാണ്. ഈരാറ്റുപേട്ടയില്‍ നിന്ന് അഭിമന്യുവിന്റെ വട്ടവടയിലേയ്ക്ക് വലിയ ദൂരമില്ലെന്ന് ഇവര്‍ ഓര്‍ക്കണം-സതീശന്‍ പറഞ്ഞു. 

Related News