കേരളത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം തടയാൻ പൊലീസും എക്സൈസും ഒന്നിക്കുന്നു

  • 16/09/2021


തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക് മരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം തടയാൻ പൊലീസും എക്സൈസും ചേ‍ർന്ന സംയുക്ത സേന വരുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സോണൽ ഓഫീസുകൾ തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നത്. 

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങള്‍ക്കിടയിലും ലഹരി ഉപയോഗം കൂടിവരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കാര്യമായ നടപടി എടുക്കാത്തത് വിമര്‍ശനവും ഉണ്ടായി. ലഹരികേസുകളിൽ അറസ്റ്റിലാകുന്നവർ കൂടുതലും യുവാക്കളാണെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ പോലീസും എക്സൈസും സംയുക്തമായി പ്രത്യേക സംവിധാനം രൂപീകരിക്കുന്നത്. മയക്ക് മരുന്ന് വിപണനവും ഉപയോഗവും കൂടിയ സ്ഥലങ്ങളെ പ്രത്യേക മേഖലകളായി വിഭജിക്കും. എക്സൈസിലേയും പൊലീസിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്താൻ ഇൻറലിജൻസ് സംവിധാനം ശക്തമാക്കും പൊലീസും എക്സൈസും സംയുക്തമായി ആയിരിക്കും ഇനി പരിശോധന. സാമൂഹ്യമാധ്യമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഡിജിറ്റൽ പോർട്ടൽ തുടങ്ങും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുകളെത്തുന്നത് തടയാൻ നാഷണൽ ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ സഹായം തേടും. സ്കൂളുകളിൽ വിവിധ വകുപ്പുകളുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

Related News