കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നു

  • 16/09/2021



കൊച്ചി: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വനിതാ ഫുട്‌ബോള്‍ അക്കാദമി വരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിനൊപ്പം കേരളത്തിലെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബുകളായ കേരള ബ്ലാസ്‌റ്റേഴ്‌സും ഗോകുലം കേരളയും കൈകോര്‍ക്കും. അക്കാദമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് നിര്‍വഹിക്കും. കായികമന്ത്രി വി അബ്ദുറഹിമാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 

കായിക യുവജന കാര്യാലയം ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസ്, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ് ഐ.എ.എസ് എന്നിവരാണ് അക്കാദമിയെ മുന്നില്‍ നിന്ന് നയിക്കുന്നത്. കേരളത്തിലെ പ്രതിഭാധനരായ വനിതാ ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുക എന്നതാണ് ഫുട്‌ബോള്‍ അക്കാദമി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. 

എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊച്ചി പനമ്പിള്ളി നഗര്‍ സ്റ്റേഡിയമാണ് വനിതാ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലനത്തിനായി ഉപയോഗിക്കുക. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി മികച്ച വനിതാ ഫുട്‌ബോള്‍ ടീമിനെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യമാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലും ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും മുന്നില്‍ വെയ്ക്കുന്നത്. ഇതിനായി പരമാവധി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് അക്കാദമിയിലേക്ക് പ്രവേശനം നല്‍കും. 

ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലും അക്കാദമി ആരംഭിക്കുന്നുണ്ട്. ഇവിടേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ കായിക യുവജന കാര്യാലയം ഒരുക്കും. അന്താരാഷ്ട്ര നിലവാരമുള്ള ആര്‍ട്ടിഫിഷ്യല്‍ ഫുട്‌ബോള്‍ ഗ്രൗണ്ട്, കായിക ഉപകരണങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സംവിധാനം, മികച്ച പരിശീലകര്‍, മികച്ച മാനേജ്‌മെന്റ് സംവിധാനം, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷണിങ് എക്‌സ്‌പേര്‍ട്ട്, ന്യൂട്രീഷ്യന്‍ എക്‌സ്‌പേര്‍ട്ട്, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം, ഓരോ കായികതാരത്തിന്റെയും പുരോഗതി വിലയിരുത്താനുള്ള ഡാറ്റാ മാനേജ്‌മെന്റ് അനാലിസിസ് പ്ലാറ്റ്‌ഫോം തുടങ്ങിയ സൗകര്യങ്ങളെല്ലാം അക്കാദമികളില്‍ ഉണ്ടാകും. 

Related News