വിപണിയിലുള്ളത് രണ്ടരലക്ഷം മരുന്നുകൾ; പരിശോധിക്കപ്പെടുന്നത് 800-ൽ താഴെ

  • 16/09/2021


തിരുവനന്തപുരം: രണ്ടരലക്ഷം ബാച്ച് മരുന്നുകൾ വിപണിയിലുള്ള സംസ്ഥാനത്ത് മാസത്തിലൊരിക്കൽ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാകുന്നത് 800-ൽ താഴെ മരുന്നുകൾ മാത്രം.

പരിശോധന കൂട്ടിയില്ലെങ്കിൽ നിലവാരമില്ലാത്ത മരുന്നുകൾ വൻതോതിൽ വിറ്റഴിക്കാൻ ഇടയുണ്ട്. ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ ഇതരസംസ്ഥാനങ്ങളിലെ വിതരണക്കാരിൽനിന്ന്‌ മെഡിക്കൽ സ്റ്റോറുകളിലേക്ക് നേരിട്ട് മരുന്നെത്തുന്നുണ്ട്. ഇവ പരിശോധിക്കാൻ നിലവിലെ സംവിധാനം അപര്യാപ്തമാണ്. 

ഡ്രഗ്‌സ് ഇൻസ്പെക്ടർമാരുടെ പരിമിതികാരണം ഗുണനിലവാര പരിശോധന ഉയർത്താൻ കഴിയുന്നില്ലെന്നും നിലവാരമില്ലാത്ത മരുന്നുകൾ വിപണിയിലെത്താൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മാസം 1000 കോടി രൂപയുടെ മരുന്നുകൾ വിറ്റഴിയുന്ന സംസ്ഥാനത്ത് ഇവയുടെ ഗുണനിലാരം ഉറപ്പുവരുത്താനും വിൽപ്പന നിയന്ത്രിക്കാനും 47 ഇൻസ്പെക്ടർമാർ മാത്രമാണുള്ളത്. 30,000 ഔഷധവിപണന സ്ഥാപനങ്ങളുടെ മേൽനോട്ടവും സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാര പരിശോധയും ഇവരുടെ ചുമതലയാണ്.

പരിശോധനയ്ക്ക് പരമാവധി 13 ഇനം മരുന്നുമാത്രം

നിയമപരമായ നടപടികൾ പൂർത്തീകരിച്ച് പരമാവധി 13 ഇനം മരുന്നുകളാണ് ഒരുമാസം പരിശോധനയ്ക്ക് എടുക്കാൻ കഴിയുക. ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുകയോ, മരുന്നെടുക്കുന്നതിനുവേണ്ടി പ്രത്യേക വിഭാഗം രൂപതവ്‌കരിക്കുകയോ ചെയ്യാതെ വ്യാജമരുന്നുകളുടെ വിതരണം തടയാൻ കഴിയില്ല. 

ആറു സ്ഥലങ്ങളിൽ മാത്രമാണ് ജില്ലാ മേധാവിമാരുള്ളത്. ഭൂരിഭാഗം ഓഫീസുകൾക്കും പരാതികളിൽ പെട്ടെന്ന് അന്വേഷണം നടത്താൻ പ്രത്യേവാഹനങ്ങളില്ല. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുമില്ല. 2013-ൽ 15 ഇൻസ്പെക്ടർമാരുടെയും മൂന്ന് ജില്ലാ ഓഫീസർമാരുടെയും തസ്തിക സൃഷ്ടിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് ശുപാർശ നൽകിയിരുന്നു. എന്നാൽ നടപ്പായില്ല.

തിരുവനന്തപുരത്തിന് പുറമേ എറണാകുളം, തൃശ്ശൂർ എന്നിവടങ്ങളിൽ ലാബുകൾ സജ്ജീകരിച്ചെങ്കിലും സാംപിൾ എടുക്കേണ്ട ഡ്രഗ്‌സ് ഇൻസ്പെക്ടർമാരുടെ എണ്ണത്തിൽ 20 വർഷത്തിനിടെ വർധനയുണ്ടായിട്ടില്ല. 

വ്യാജമരുന്നുകളുടെ വിപണം തടയാൻ കേന്ദ്രസർക്കാർ നിയോഗിച്ച മഷേൽക്കർ കമ്മിറ്റിയും അടിയന്തരമായി ഡ്രഗ്‌സ് കൺട്രോൾവകുപ്പ് വിപുലീകരിക്കാൻ നിർദേശിച്ചിരുന്നു. നിലവിൽ ഡ്രഗ്‌സ് ഇൻസ്പെക്ടർമാരുടെ തസ്തികയിലേക്ക് പി.എസ്.സി. തയാറാക്കിയ പട്ടിക നിലവിലുണ്ട്.

Related News